Cherai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Cherai എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 മേയ് 14, ബുധനാഴ്‌ച

ചെറായി മറ്റൊരു സുന്ദരതീരം.

കൊച്ചി മഹാനഗരത്തില്‍ നിന്നും ഏകദേശം ഇരുപത്തിഅഞ്ചു കിലോമീറ്റര്‍‌ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ കടല്‍‌ത്തീരമാണ് ചെറായി. (എന്റെ വീട്ടില്‍‌ നിന്നും ഇവിടെക്കു അഞ്ചു കിലോമീറ്റര്‍‌ മാത്രം). ഈ മനോഹര തീരത്തിന്റെ ചില ചിത്രങ്ങള്‍‌ ചുവടെ ചേര്‍‌ക്കുന്നു. കടലും കായലും ചേര്‍ന്നുകിടക്കുന്ന ഒരു തീരം എന്ന പ്രത്യേകത കൂടിയുണ്ടു ചെറായിക്കു. 26കിലോമീറ്റര്‍‌ നീളം വരുന്ന വൈപ്പിന്‍‌കരയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണു ചെറായി. കൊച്ചിനഗരത്തില്‍‌ നിന്നും റോഡ്‌‌മാര്‍‌ഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണു. ചെറായിയുടെ മറ്റൊരു പ്രത്യേകത കൊച്ചി അന്താ‍രാഷ്ട്രവിമാനത്താവളത്തോട്‌‌ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന കടല്‍‌ത്തീരം എന്നതാണ്.

കടല്‍‌ത്തീരത്തു വരുന്ന ഏതൊരാളുടെയും മോഹമാണ് കടളിലെ വിശാലമായ കുളി. തികച്കും ശാന്തമായ കടല്‍.
ഇവിടെ എത്തുന്നവരെ ഒരിക്കലും നിരാശരാ‍ക്കാറില്ല. താ‍രതമ്യേന വൃത്തിയുള്ള കടല്‍‌ത്തീരം ചെറായിയുടെ പ്രത്യേകതയാണു. അത്ര ശക്തമല്ലാത്ത തിരകളും ഇവിടം സുരക്ഷിതമാക്കുന്നു. എന്നാലും സുനാമിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടു ഈ തീരത്തിനു.
സാധാരണ ഒഴിവുദിവസങ്ങളില്‍‌ വലിയതിരക്കാണു ഇവിടെ. സ്വദേശീയരും വിദേശീയരും ആയ ഒട്ടനവധി ആളുകള്‍‌ ഇവിടെ എത്തിച്ചേരാറുണ്ടു.
അത്തരം ഒരു സായഹ്നമാണു ചിത്രത്തില്‍‌
ഓലക്കുടകള്‍‌ക്കു കീഴില്‍‌ഇരുന്നു കടലിന്റെ സൌന്ദര്യം ആസ്വദിച്ചും പട്ടം പറത്തിയും എല്ലാം ഇവിടെ സമയം ചിലവൊഴിക്കാം.
കടലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍‌ എത്തുന്നവര്‍ക്കു ചെറിയ വിഭവങ്ങള്‍‌ വില്‍‌ക്കുന്നതിനു ജില്ലാ ടൂറിസം വകുപ്പു ഉണ്ടാക്കിയ വ്യാപാരകേന്ദ്രങ്ങളില്‍‌ ഒന്നാ‍ണിത്‌. ഇങ്ങനെ നശിക്കന്‍‌ കാരണം അറിയില്ല. ഇന്നിതു ഉപയോഗശൂന്യമാണ്.
ഇതു ഒരു റിസോര്‍‌ട്ടാണ്. കടല്‍‌ത്തീരത്തും കായലോരത്തുമായി ഇത്തരം നിരവധി റിസോര്‍‌ട്ടുകള്‍‌ കാണാം.
ഇനി അല്‍പ്പം വിശ്രമം ആവാം അല്ലെ. ഇതിലും ഉന്മേഷദായകമായ വെറെ ഏതു പനീയമാണ് ഉള്ളതു. (അല്ല വേറെ എന്തെങ്കിലും വേണം എന്നുണ്ടെങ്കില്‍ അതും ലഭ്യമാണ്. എനിക്കു ഇതു മതി.)
കരിക്കുകുടിച്ചു. അല്പം വിശ്രമവും കഴിഞ്ഞു. എന്നാലും വിശപ്പുണ്ടു. എന്തെങ്കിലും കഴിക്കാം. എന്നിട്ടാവാം ബാക്കി വിവരണം. ഈ കടപ്പുറത്തു എന്തു കിട്ടാനാ? എന്ന ചോദ്യം വേണ്ട. ദാ നോക്കിക്കെ.
എല്ലാത്തരം നാടന്‍ വിഭവങ്ങളും ലഭ്യമാണു എവിടെ. മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും, മീനും, കരിമീനും, കൊഞ്ചും, കക്കയും, ഞണ്ടും എല്ലാം കിട്ടും. ഇതു കഴിക്കാ‍ന്‍ നക്ഷത്ര സൌകര്യങ്ങള്‍ ഉള്ള റിസോര്‍‌ട്ടുകളും ഹോം‌ലിഫൂഡ്‌ ലഭിക്കുന്ന വീടുകളും ഉണ്ടു. ഇതൊന്നും അല്ല നാടന്‍‌ ഷാപ്പിലെ ഭക്ഷണമാണു പ്രിയമെങ്കില്‍ അതും റെഡി. പിന്നെ എവിടെയായലും ചൈനീസ്‌ വിഭവങ്ങള്‍ വേണ്ടവര്‍‌ക്കു അത്തരം ഭക്ഷണവും ലഭ്യമാണ്. ഭക്ഷണം കഴിച്ചു ഇനി? കടപ്പുറത്തുകൂടെ നടക്കാന്‍‌ വയ്യ. എന്നല്‍‌ അല്പം കായല്‍‌ സവാരിയാവാം അല്ലെ.
കടലിനോടു ചേര്‍‌ന്നുള്ള കായലില്‍ ബോട്ടിങ്ങിനുള്ള സൌകര്യം ഉണ്ടു. വിശാലമായ കായലില്‍ വെയിലാറിയ ശേഷം പെഡല്‍‌ബോട്ടില്‍‌ ഒന്നും കറങ്ങാം.
കായല്‍‌ക്കരയില്‍ സ്ഥിതിചെയ്യുന്ന റിസോര്‍‌ട്ടുകളാണ് ഇതെല്ലാം. റിസോര്‍‌ട്ടുകളുടെ ഒരു ഭാഗം കടലും മറ്റേഭാഗം കായലും ആണ്.
ഇനി ചില റിസോര്‍‌ട്ടുകളുടെ ചിത്രങ്ങള്‍‌ കാണാം.
ഇതു കടല്‍‌ക്കരയിലെ മറ്റൊരു റിസോര്‍‌ട്ട്‌.
എല്ലാവര്‍‌ഷവും ഡിസം‌ബര്‍‌ 31-നു‌ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചെറായി കടല്‍‌‌ത്തീരത്തും കാര്‍‌ണ്ണിവെല്‍‌ നടക്കാറുണ്ടു. 2006-ല്‍‌ നടന്ന ആഘോഷങ്ങാളുടെ ഭാഗമായി നടന്ന ചെണ്ടമേളത്തിന്റെ ചിത്രം.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗജമേള.
കടല്‍‌ത്തിരകളില്‍‌ അലിഞ്ഞുചേരുമെങ്കിലും മണല്‍‌ ശില്പങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഇവര്‍‌.
തിരക്കേറിയ ഒരു സായാഹ്നം.
എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് കടല്‍‌ത്തീരത്തിന്റേത്‌. എന്നാലും മടങ്ങേണ്ട സമയത്തെ പലപ്പോഴും ഓര്‍‌മ്മപ്പെടുത്തുന്നത്‌ ഈ ദൃശ്യം തന്നെ. അസ്തമനം.

കണ്ണും കരളും നിരഞ്ഞ കാഴ്ചയുടെ ഓര്‍‌മ്മകളുമായി ഒരു മടക്കം.
ചെറായി കടല്‍‌ത്തീരത്തെത്താനുള്ള ഏറ്റവും വലിയ പ്രശ്നം പ്രധാന റോഡില്‍‌നിന്നും കടല്‍‌ത്തീരംവരെയുള്ള ഒന്നരകിലോമീറ്റര്‍‌ ദൈര്‍‌ഘ്യം വരുന്ന ഇടുങ്ങിയ റോഡ്‌ തന്നെയാണു. ഈ റോഡില്‍‌ ഉള്ള ഒരു മരപ്പാലം പുതുക്കിപ്പണിയും എന്ന പ്രഖ്യാപനം കടലാസ്സില്‍‌ മാത്രം ഒതുങ്ങുന്നു.
(ഇതിലെ ചില ചിത്രങ്ങള്‍‌ എന്റെ സുഹൃത്തുക്കളായ അരുണ്‍‌ സദാശിവന്‍‌, രാജേഷ്‌ ആര്‍‌ നായര്‍‌ എന്നിവര്‍‌ എടുത്തതാണ്)
(ഈ ചിത്രങ്ങള്‍‌ എല്ലാം ഒരേദിവസം എടുത്തതല്ല. ഓരോതവണ ചെറായിയില്‍‌ പോവുമ്പോഴും എടുത്ത ചിത്രങ്ങളില്‍‌ നിന്നും തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍‌ ആണ് ഇതെല്ലാം)