Tourism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Tourism എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2008 ഡിസംബർ 21, ഞായറാഴ്‌ച

മൂന്നാറിലേയ്‌ക്കൊരു യാത്ര | A Trip To Munnar

വിനോദസഞ്ചാര മേഖലയ്ക്കു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വളരെ നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ട്. കടൽത്തീരവും, കായലുകളും, മലയും കാടും എല്ലാം കേരളത്തിന് പ്രകൃതി കനിഞ്ഞുനൽകിയ സമ്പത്തുകളാണ്. ഇവിയിൽ ചില സ്ഥലങ്ങളെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ ഞാൻ എന്റെ പഴയ ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര മൂന്നാറിലേയ്ക്കാണ്. കേരളത്തിന്റെ ഉതകമണ്ഡലം (ഊട്ടി) എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആണ് മൂന്നാർ. ബൂലോകത്തെ എല്ലാവരും തന്നെ മൂന്നാറിന്റെ പ്രകൃതി ഭംഗി അറിയുന്നവരാണെന്നു ഞാൻ കരുതുന്നു. മൂന്നാറിനെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന ഉദ്ദേശം ഈ പോസ്റ്റിനില്ലെന്നു ഞാൻ ആദ്യമെ അറിയിക്കട്ടെ.
ചിത്രത്തിൽ കാണുന്നത് കേരള സംസ്ഥാന ഇലൿട്രിസിറ്റി ബോർഡിന്റെ മൂന്നാറിലുള്ള ഹെഡ് വർക്ക്സ് ആണ്. മൂന്നാറിൽ നിന്നും കേരളത്തിന്റെ ആദ്യത്തെ ജലവൈദ്യുത നിലയമായ പള്ളിവാസലിലേയ്ക്ക് വെള്ളം എത്തിക്കുന്ന സംവിധാനങ്ങളിൽ ഒന്നാണിത്. മാട്ടുപ്പെട്ടി ഡാമിൽനിന്നുള്ള വെള്ളവും പള്ളിവാസലിൽ എത്തുന്നു. ഈ ഹേഢ് വർക്ക്സ് ഉദ്ഘാടനം തിരുവിതാം‌കൂറിന്റെ അവസാന ദിവാനായ സർ സി പി രാമസ്വാമി അയ്യർ ആണ് നിർവ്വഹിച്ചത്. ഇതിനു മുകളിലൂടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഒരു റോഡ് ഉണ്ട്. ബൈസൺ വാലി റോഡ് എന്ന ഈ വഴിയിലെ ചില കാഴ്ചകളാണ് ഈ ബ്ലോഗിലൂടെ ഞാൻ അവതരിപ്പിക്കുന്നത്.
അടിമാലിയിൽ നിന്നും മൂന്നാറിൽ എത്തുന്നതിനു പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ദേശീയപാത 49 വഴി, അടിമാലിയിൽ നിന്നും കല്ലാർ വഴി മൂന്നാറിൽ എത്താം. ഈ പത പ്രധാനമായും ജനവാസം കുറഞ്ഞ മേഖലയിലൂടെ കടന്നുപോവുന്നതാണ്. രണ്ടാമത്തേത് തോക്കുപാറ, ആനച്ചാൽ, ചിത്തിരപുരം വഴിയാണ്. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത് എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണെന്നു കരുതുന്നു. മൂന്നാർ ടൗൺ എത്തുന്നതിനു എകദേശം രണ്ടു കിലോമീറ്റർ മുൻപാണ് രാമസ്വാമി അയ്യർ ഹെഢ് വർക്ക്സ്. ഹെഢ് വർക്ക്സിന്റെ ഷട്ടറുകളിൽ നിന്നും ഒഴുകുന്ന വെള്ളമാണ് ചിത്രത്തിൽ. ഹെഢ് വർക്സിനോടുചേർന്ന് ചെറിയ ഒരു ഉദ്യാനവും കെ എസ് ഇ ബിയ്ക്കുണ്ട്.

ഹെഢ് വർക്സിനോടു ചേർന്നുള്ള തേയിലത്തോട്ടത്തിന്റെ ദൃശ്യം.

ഹെഢ് വർക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ താഴ്‌വരയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന ഒരു വ്യു പോയിന്റിൽ എത്താം. ചിത്രങ്ങൾ എടുക്കുന്ന ധാരളം വിനോദ സഞ്ചാരികളെ ഇവിടെകാണാം. തേയിലതോട്ടവും അതിനിടയിലൂടെ കടന്നു പോവുന്ന റോഡും ചെറിയ കുന്നുകളും എല്ലാം കൂടി മനോഹരമയ ഒരു ദൃശ്യം സമ്മാനിക്കുന്നു.
ബൈസൺ വാലി റോഡിൽ വളരെയധികം റിസോർട്ടുകൾ ഉണ്ട്. ഇവയിൽ പലതും അനധികൃതമണെന്ന കാരണത്താൽ സർക്കാരിന്റെ പോളിച്ചുനീക്കൽ ഭീഷിണിയുടെ മുൻപിൽ ആണ്. റിസോർട്ടുകൾ ഇത്തരത്തിൽ പൊളിച്ചുനീക്കുന്ന സർക്കാർ സംവിധാനത്തോട് എനിക്കു വിയോജിപ്പാണുള്ളത്. അനധികൃതമായി റിസോർട്ടുകൾ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ സംവിധാനങ്ങളൂടെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം റിസോർട്ട് നിർമ്മിക്കുന്നതിന് അനുമതിനൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നിലവിൽ ഇത്തരത്തിലുള്ള റിസോർട്ടുകൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഏലപ്പാട്ട ഭൂമിയിലും, വനമേഖലയിലും റിസോർട്ടുകൾ അനധികൃതമായി മേലിൽ നിർമ്മിക്കപ്പെടാതിരിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണം. ഈ വിവാദങ്ങൾക്കിടയിലും സ്വദേശീയരും വിദേശീയരുമായ ധാരളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു എന്നത് ആശ്വാസം തന്നെ.
വീണ്ടും മുൻപോട്ടു നടന്നാൽ ഇരുവശവും ഏലച്ചെടികളാണ്. കാടിനു നടുവിലായി വന്മരങ്ങൾ വെട്ടിമാറ്റാതെതന്നെ അവയുടെ ഇടയിൽ ഏലം കൃഷിചെയ്തുവരുന്നു. ഇത്തരത്തിലുള്ള ഏലം കൃഷിത്തോട്ടങ്ങളിൽ ചിലതാണ് റിസോർട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നു സർക്കാർ കണ്ടെത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലകുറഞ്ഞതാവാം ഇത്തരം ഒരു മാറ്റത്തിനു പലരേയും പ്രേരിപ്പച്ചത്.
ഏലത്തോട്ടത്തിനു നടുവിലൂടെയുള്ള ബൈസൺ‌വാലി റോഡ്.

ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ് ഏലം കൃഷി. പൂക്കുന്നതുമുതൽ ഏലം പാകമവുന്നതുവരെയുള്ള കാലയളവിൽ എറ്റവും ചുരുങ്ങിയത് ഏഴുതവണയെങ്കിലും കീടനാശിനികൾ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടിൽ വളരെയധികം കീടനാശിനികൾ അടങ്ങിയിരിക്കുമെന്ന് ചിലർ മുന്നറിയിപ്പുതരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ കൂടികഴിഞ്ഞാൽ പോതൻ‌മേട് എന്ന ചെറിയ ഗ്രാമത്തിൽ എത്താം. ഗ്രാമം എന്നു വിളിക്കാമോ എന്നു തീർച്ചയില്ല. വളരെക്കുറച്ചു തോട്ടം തൊഴിലാളികളായ തമിഴർ താമസിക്കുന്ന സ്ഥലമാണിത്.
പോതൻ‌മേട്

മഴക്കാലത്താണ് ഈ റോഡിലൂടെ പോവുന്നതെങ്കിൽ പാറക്കെട്ടിൽനിന്നും വരുന്ന ഇത്തരം ചെറിയ നീർച്ചാലുകളും കാണാം.

പോതൻ‌മേടിലെ ഒരു വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം. മേഘങ്ങൾ ചുംബിക്കുന്ന ഒരു കുന്ന്. ഇവിടെയും ചില ചെറിയ റിസോർട്ടുകൾ ഉണ്ട്.
അവിടെനിന്നും കുറച്ചുകൂടി യാത്രചെയ്താൽ കാണുന്ന റിസോറ്ട്ടുകളിൽ ഒന്നിലേയ്ക്ക് പോവാം. കാടിനു നടുവിൽ മൂന്നാർ നഗരത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞ് പ്രകൃതിസുന്ദരവും ശാന്തവുമായ അന്തരീക്ഷത്തിൽ ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് ഈ റിസോർട്ടുകളുടെ പ്രത്യേകത. സ്വതന്ത്രമായ വില്ലകൾ.
അത്ത്രത്തിൽ ഉള്ള കോട്ടേജുകളിൽ ഒന്ന്. പൂമുഖവും, സ്വീകരണമുറിയും, കിടപ്പുമുറിയും, എന്തിന് അടുക്കളപോലും ഉണ്ട് ഈ വില്ലകളിൽ. സകുടുംബം വരുന്ന ചില ഉത്തരേന്ത്യൻ വിനോദസഞ്ചാരികൾ സ്വന്തം പാചകക്കാരേയും കൊണ്ടാണത്രെ വരുന്നത്. അവർക്കാവശ്യമുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ലഭ്യമാണ്. എന്നാലും മിക്കാവാറും റിസോർട്ടുകൾ ഭക്ഷണം ഉൾപ്പടെയുള്ള പാക്കേജായിട്ടാണ് താമസസൗകര്യം ഒരുക്കുന്നത്.

ഇതാ മറ്റൊരു കോട്ടേജിന്റെ ചിത്രം. കാടിനു നടുവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഉള്ള ഒരു സ്ഥലത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒഴിവുദിവസം ചെലവൊഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇവിടം.
പല റിസോർട്ടുകളിലും മനോഹരമായ ഉദ്യാനങ്ങളും ഉണ്ട്. കൂടെ ഏലവും, ഈറ്റയും എല്ലാം കാണാം.

അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള ദേശീയപാതയുടെ ഇരുവശത്തും പലസ്ഥലങ്ങളിലും സമൃദ്ധമായ ഈറ്റക്കാടുകൾ ഉണ്ട്. ആനയുടെ ഇഷ്ടവിഭവമാണ് ഈറ്റ. ഈറ്റതിന്നുന്നതിനിറങ്ങുന്ന ആനക്കൂട്ടങ്ങൾ രാത്രികാലങ്ങളിൽ പലപ്പോഴും സഞ്ചാരികൾക്ക് ഭീഷിണിയാവാറുണ്ട്. അതുകൊണ്ടുതന്നെ രാത്രി അധികം വൈകി ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്.
അല്പം സാഹസീകത ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ ചിത്രത്തിൽ. പടികൾ വഴി മുകളിലെ മരംകൊണ്ടുള്ള പ്ലറ്റ്‌ഫോമിലും അവിടെനിന്നും റോപ്പ്‌വേ വഴി അടുത്തുള്ള പാറക്കെട്ടിലും ഇറങ്ങാം. പാറക്കെട്ടിൽ നിന്നും ഇറങ്ങുന്നതിനു റോപ്പ് ലാഡറും ഉണ്ട്. അധികം അപകടം ഇല്ലാ‍ത്ത സുരക്ഷിതമായ ഒരു സാഹസികത.

ആ പാറക്കെട്ടും റോപ്പ് ലാഡറും ആണ് ചിത്രത്തിൽ.

സാഹസികത ഇഷ്ടമല്ലാത്തവർക്കായി ചുറ്റിനടക്കാനും സ്വസ്ഥമായിരുന്നു സല്ലപിക്കാനും ഉള്ള ഉദ്യാനവും ഉണ്ട്. മനോഹരമായ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു നടത്തവും ആവാം.
ഇതാ ഏലച്ചെടികൾക്കു നടുവിലായി മറ്റൊരു കോട്ടേജ്.


കേരളത്തിൽ വന്നാൽ കരകൗശലവസ്തുക്കൾ വാങ്ങാതെ പോവുകയോ? യാത്രയുടെ ഓർമ്മയ്കായി എന്തെങ്കിലും വാങ്ങണ്ടെ. അതിനും വെളിയിൽ എങ്ങും പോകേണ്ട. കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ചില റിസോർട്ടുകളിൽ ഉണ്ട്.
ഈ സ്റ്റാളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇതാണ്. പൂർണ്ണമായും നാളികേരത്തിൽ കൊത്തിയെടുത്ത ചില രൂപങ്ങൾ. ആനയും, ഗണപതിയും, കുരങ്ങനും എല്ലാം ഉണ്ടിതിൽ.

എത്രകണ്ടാലും മതിവരാത്ത ഒരു പാടു വിശേഷങ്ങൾ മൂന്നാറിലുണ്ട്. ഇതു അതിന്റെ വളരെ ചെറിയ ഒരു ചിത്രം മാത്രം. മൂന്നാർ മാത്രമല്ല വാഗമൺ, കുട്ടിക്കാനം, പീരുമേട്, പൊന്മുടി അങ്ങനെ എത്രയെത്ര ഹിൽ സ്‌റ്റേഷനുകൾ നമുക്കുണ്ട്. ഇവിയെല്ലാം പൂർണ്ണമായും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങളാണ് നമുക്കാവശ്യം.

2008 മേയ് 28, ബുധനാഴ്‌ച

അതിരപ്പിള്ളി - ദൈവത്തിന്റെ സ്വന്തം വെള്ളച്ചാട്ടം.

ഇതു ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടം - അതിരപ്പിള്ളി. കേരളത്തിലെ തൃശ്ശൂര്‍‌ജില്ലയില്‍ ചാലക്കുടിപട്ടണത്തില്‍‌നിന്നും മുപ്പത്തിഒന്ന്‌ കിലോമീറ്റര്‍‌ അകലേ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലം. ഇവിടെ എത്തിച്ചേരാന്‍‌ രണ്ടുവഴികള്‍ ഉണ്ട്‌. ഒന്നു അങ്കമാലിയില്‍‌നിന്നും മഞ്ഞപ്രവഴി കേരള പ്ലാന്റേഷന്‍ കോര്‍‌പ്പറേഷന്റെ തോട്ടത്തിനു നടുവിലൂടെ ഒരു ചെറിയ കടത്തു കടന്ന് വീണ്ടും റോഡ്‌മാര്‍ഗ്ഗം അതിരപ്പിള്ളിയില്‍ എത്താം. ഇതു എറണാകുളത്തുനിന്നും വരുന്നതുനുള്ള ഏറ്റവും എളുപ്പവഴിയാണ്. എന്നാല്‍‌ അല്പം വീതികുറവും കടത്തുകടക്കാനുള്ള ബുദ്ധിമുട്ടും കാരണം അധികം ആളുകളും തിരഞ്ഞേടുക്കുന്നതു രണ്ടാമത്തെ വഴിയാണ്. ചാലക്കുടിപട്ടണത്തില്‍‌നിന്നും നേരെറോഡ്‌മാര്‍ഗ്ഗം അതിരപ്പിള്ളിയിലേക്കു. രണ്ടുതവണ അതിരപ്പിള്ളിയില്‍ പോയിട്ടുണ്ടു. അപ്പോള്‍‌ ഈ രണ്ടു വഴിയും പരീക്ഷിച്ചുനോക്കി. ഈ രണ്ടുയാത്രകളിലും എടുത്ത ചിത്രങ്ങള്‍‌ചേര്‍ത്തു നിങ്ങള്‍‌ക്കായി സമര്‍പ്പിക്കുന്നു.
ഇതു കേരള പ്ലന്റേഷന്‍ കോര്‍‌പ്പറേഷന്റെ വെറ്റിലപ്പാറ തോട്ടത്തിലൂടെയുള്ള വഴിയാണ്. റബ്ബറും, എണ്ണപനയുമാണ്‍` ഇവിടത്തെ പ്രധാന കൃഷി. തികച്ചും മനോഹരമായ സ്ഥലം. ഇക്കൊടൂറിസം പ്രോജെക്ട്‌ നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേള്‍ക്കുന്നതു. ഇത്തരത്തില്‍ കുറേതോട്ടങ്ങള്‍ ഉണ്ട്‌ പ്ലന്റേഷന്‍ കോര്‍‌പ്പറേഷന്. പലതും ഇപ്പോള്‍‌ നഷ്ടത്തിലും ആണ്. ഇക്കോടൂറിസം കോര്‍‌പ്പറേഷനു ലാഭകരമായ ഒന്നാവും എന്നു പൊതുവെ പറഞ്ഞു കേള്‍ക്കുന്നു.
ഇതാണ് എണ്ണപന. കേരളത്തില്‍ നാളികേര കര്‍ഷകന്‍ തേങ്ങക്കു വിലയില്ലാത്തതില്‍ വിലപിക്കുമ്പോള്‍ ഇങ്ങനെ എണ്ണപനകൃഷി പ്രൊത്സാഹിപ്പിക്കാന്‍ കാരണം എന്താണെന്നു അറിയില്ല. എന്തായാലും ഇതു സമീപഭാവിയില്‍ ഒന്നും ആരംഭിച്ചതല്ല.
ഇതു മൂത്തുപാകമായ പനങ്കുലകള്‍ ആണ്. പാം ഓയില്‍ ഉണ്ടക്കുന്നതു ഇവിടെ അല്ല. ഇവ ഇവിടെന്നിന്നും ഇവ ആ ഫാക്ട്രിയില്‍ എത്തിക്കുന്നു. വെറ്റിലപ്പാറ ഫാക്ടറിയില്‍ പ്രധാനമായും റബ്ബര്‍‌ സംസ്കരണമാണ് നടക്കുന്നതു.
ഇതു എണ്ണപനതോട്ടത്തിലൂടെയുള്ള ഒരു നടപ്പാതയാണ്. വാഹനങ്ങള്‍ പോവുന്ന വഴി വേറേയുണ്ടു. തോട്ടം ഒന്നു നടന്നുകാണാന്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രം ആണ് ഇതു.
ഇതാണ് ചാലക്കുടിപ്പുഴയില്‍ ഞാന്‍‌ നേരത്തെ പറഞ്ഞ കടത്ത്‌. ഇതുന് മറുകരയില്‍ ഒരു 250 മീറ്റര്‍‌ കഴിഞ്ഞാല്‍ നാം ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള റോഡില്‍ എത്തും. അവിടെനിന്നും ഒരു പത്തു കിലോമീറ്റര്‍‌ ദൂരം കാണും അതിരപ്പിള്ളിക്കു.
വെള്ളച്ചാട്ടവും കഴിഞ്ഞു ശാന്തമായി ഒഴുകുന്ന ചലക്കുടിപ്പുഴ. മഴക്കാലത്ത്‌ എടുത്തചിത്രം ആണിത്‌. ഇത്തവണ ശകതിയായിപെയ്ത മഴയില്‍ ചാലക്കുടിപ്പുഴയും ശെരിക്കും കരകവിഞ്ഞൊഴുകി. പലര്‍ക്കും ചാലക്കുടിപ്പുഴയില്‍ ഇത്രയും വെള്ളം ഉയരുന്നതു ഓര്‍‌മ്മയില്‍ ആദ്യത്തെ അനുഭവം ആയിരുന്നു. ഞങ്ങള്‍ പോയ ആ ദിവസവും നല്ലമഴക്കോളുണ്ടായിരുന്നു.
ഈ വഴി ഒരു കാല്‍‌കിലോമീറ്റര്‍ മതി മെയിന്‍‌റോഡില്‍ എത്താന്‍. ഇവിടെയും പ്ലാന്റേഷന്‍‌ കോര്‍‌പ്പറേഷന്റെ തോട്ടമാണ്.
ഇവിടെയാണ് നമ്മുടെവഴി ചാലക്കുടിയില്‍‌നിന്നും വരുന്ന റോഡുമായി സന്ധിക്കുന്നത്‌. എറണാകുളത്തേക്കും മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുന്ന ഫലകം.
ടൂറിസ്റ്റ് കൌണ്ടറില്‍ നിന്നും കൂപ്പണ്‍ വാങ്ങി അല്പാദൂരംകൂടി മുന്നോട്ടുവന്നാല്‍ ഈ ഇറക്കം കാണാം. ഇതു നേരെ എത്തുന്നതു വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്താണ്. ഇവിടെ നിന്നും ആദ്യം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. എന്നിട്ടാവം മുകളില്‍ പോവുന്നതു.
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വെള്ളച്ചാട്ടം. ഇതു കടുത്ത വേനലില്‍ എടുത്ത ചിത്രം ആണ്. മെയ്‌ ഒന്നാം‌തീയതി. എന്നിട്ടും വറ്റാതെ മനോഹരമായിത്തന്നെ അതിരപ്പിള്ളി നില്‍ക്കുന്നു. സത്യത്തില്‍ ഇപ്പൊളാണ് ഏറ്റവും സുരക്ഷിതമായ സമയം.
മനോഹരമായ ഈ വെള്ളച്ചാട്ടത്തിന്റെ ചില ചിത്രങ്ങള്‍ കാണാം.
ഈ ദൃശ്യങ്ങള്‍ എത്രകാലം ഇങ്ങനെ നില്‍ക്കും എന്നറിയില്ല. കേരള സംസ്ഥാന വൈദ്യുത ബോര്‍‌ഡിനു അതിരപ്പിള്ളിയില്‍ ഒരു ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ പരുപാടിയുണ്ട്‌. അതു യാഥാര്‍ഥ്യമാവുന്നതോടെ ഈ വെള്ളച്ചാട്ടം ഇല്ലാതാവുമോ എന്ന ഭയം പകൃതിസ്‌നേഹികള്‍ ഉയര്‍‌ത്തുന്നുണ്ട്‌.
വെള്ളച്ചാട്ടത്തിനു ശേഷം ശാന്തമായി ഒഴുകുന്ന പുഴ. ഈ പുഴയില്‍‌ത്തന്നെയാണ്‌ നമ്മള്‍‌ നേരത്തെകണ്ട കടത്തും.

ഇനിതിരിച്ചു മുകളിലേക്കു കയറനുള്ളതാണ്. അതുകൊണ്ട്‌ അല്പം ഭക്ഷണം ആവാം. ഇതു ഞങ്ങളുടെ പ്രിയപ്പെട്ട ഹരിയേട്ടനും സിന്ധുചേച്ചിയും വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്നതാണ്‌. അതിരപ്പിള്ളിക്കു വരുമ്പോള്‍ ഭക്ഷണം കൂടെകരുതുന്നതാണ് നല്ലതു.

മുകളിലേക്കു കയറുന്നതിനു മുന്‍പ് അതിരപ്പിള്ളിയുടെ ചില ചിത്രങ്ങള്‍ കൂടി. ഇവിടെ എത്രനേരം ഇരുന്നലും മതിവരില്ല. എന്നാലും മുകളില്‍ കയറി വെള്ളത്തില്‍ വിശാലമായി ഒന്നു കുളിച്ചാലല്ലെ യാത്ര പൂര്‍‌ണ്ണമാവൂ.
സത്യം പറഞ്ഞാല്‍ ആ വെള്ളം വീഴുന്നതിന്റെ അടുത്തുവരെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഇവിടെ ഉള്ളവര്‍ സമ്മതിക്കില്ല. എന്തിനാ വെറുതെ ഭാഗ്യം പരീക്ഷിക്കണെ? ഇതാ അവരുടെ ചോദ്യം.
ഒന്നു ചിരിക്കൂ. ഒകെ താങ്ക്സ്. (വെറുതെ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗി കളഞ്ഞു)
നേരത്തെ കണ്ട ചിത്രങ്ങള്‍ എല്ലാം വേനലില്‍ വറ്റിവരണ്ട അതിരപ്പിള്ളിയുടെതാ‍ണെങ്കില്‍ ഇത വര്‍ഷക്കാലത്തു വിരാട രൂപം പൂണ്ട അതിരപ്പിള്ളി. ജൂലയ്‌ മാസത്തില്‍‌ മുകളില്‍ വ്യു പോയിന്റില്‍ നിന്നെടുത്ത ചിത്രം.
നേരത്തെ ചിത്രങ്ങളില്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ കീഴ്‌ഭാഗം തന്നെയാണിതു. ഇന്നു അവിടെ എത്താന്‍ സാധ്യമല്ല. അത്രയും ശക്തമായിട്ടാണ് വെള്ളം താഴെക്കു വീഴുന്നത്‌.
തിരികെ ശാന്തതയുടെ ചിത്രങ്ങളിലേക്കു. നമ്മള്‍ ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആണ്. ഇവിടെ വിശാലമായി ഒന്നുകുളിക്കാം. നല്ല ഒഴുക്കുണ്ടു. കൂടതെ പാറക്കെട്ടുകള്‍ക്കിടക്കുള്ള കുഴികളും.
ഹലോ.... മാഷെ ഞങ്ങളും ഇവിടുത്തുകാരാണെ. ഞങ്ങളുടെ പടവും പിടിക്കാം. പിന്നെ ദാ ഇങ്ങനെ വല്ലതും ഉണ്ടെങ്കില്‍ സന്തോഷം.
ഇത്തരം കുത്തുകളില്‍ അപകടവും പതിയിരിക്കുന്നു. ചില പാറക്കെട്ടുകള്‍ക്കു സമീപം നല്ല താഴ്ചയുള്ള കുഴികളും ഉണ്ട്‌. എന്നാലും വിശാലമായി ഒരു രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.
ഇത്ര കണ്ടാലും മതിവരാത്ത പകൃതിദൃശ്യങ്ങള്‍.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം.
ഈ രണ്ടു ചിത്രങ്ങളും വേനലില്‍ അതിരപ്പിള്ളിയുടെ മുഖം വ്യക്തമാക്കുന്നു. ഇനി നമുക്കു വര്‍‌ഷത്തില്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി കാണാം.
ഇതു വര്‍ഷക്കാലത്തു നിറഞ്ഞു രൌദ്രഭാവത്തില്‍ ഒഴുകുന്ന അതിരപ്പിള്ളി.
താഴെ എത്രദൂരേക്കാണു ജലകണങ്ങള്‍ മേഘങ്ങളെപ്പോലെ നീങ്ങുന്നത്‌.
ഇരുട്ടുപരക്കാന്‍‌തുടങ്ങിയിരിക്കുന്നു. ഈ യാത്രയും ഇവിടെ അവസാനിക്കുകയാണ്. ഇനി എത്രയും വേഗം വീടെത്തണം. ഞങ്ങള്‍ അതിരപ്പിള്ളിയോടു തത്ക്കാലം വിടപറഞ്ഞു.
വീണ്ടും ഒരു അസ്തമനം. ഒരിക്കലും നിറം‌മങ്ങാത്ത ഒരു പിടിഓര്‍മ്മകളോടെ ഞങ്ങളും വണ്ടിയിലേക്കു നീങ്ങി. മനസ്സില്‍ ഒരു പ്രാര്‍‌ത്ഥനമാത്രം വീണ്ടും ഇവിടെവരുമ്പോള്‍ പ്രകൃതി കനിഞ്ഞുനല്‍‌കിയ ഈ സൌന്ദര്യത്തോടെ അതിരപ്പിള്ളി എന്നും ഉണ്ടാവണമേ എന്നു.