2008, ജൂൺ 10, ചൊവ്വാഴ്ച

ഹരിപ്പാട് ശ്രീ രാമകൃഷ്ണാശ്രമം.

ഇന്റര്‍‌നെറ്റും ചാറ്റിങ്ങും വളരെ അധികം നല്ല സുഹൃത്തുക്കളെ എനിക്കു നല്‍‌കിയിട്ടുണ്ടു. ഞങ്ങള്‍ ഇടക്കു ഒത്തുകൂടി ചിലയാത്രകളും നടത്താറുണ്ട്‌. അത്തരം യാത്രകളില്‍ എടുക്കുന്ന ചിത്രങ്ങളാണ് എന്റെ പഴയ പല പോസ്റ്റുകളിലും ഞാന്‍ ചേര്‍‌ത്തിട്ടുള്ളത്‌. കഴിഞ്ഞ ദിവസവും അത്തരം ഒരു യാത്ര ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ അവസാനം ഞങ്ങള്‍ എത്തിയതു ഞങ്ങള്‍‌ക്കു ജ്യേഷ്‌ഠതുല്ല്യനായ സഞ്ചുവേട്ടന്റെ ഹരിപ്പാട്ടുള്ള വീട്ടില്‍ ആണ്. അവിടെ അടുത്തുതെന്നെ കണ്ട തകര്‍ന്ന ഒരു കെട്ടിടം ഞങ്ങളുടെ ശ്രദ്ധയാകര്‍‌ഷിച്ചു. അപ്പോള്‍ സഞ്ചുവേട്ടനാണ് പറഞ്ഞത്‌ അതു ഹരിപ്പാട്‌ ശ്രീ രാമകൃഷ്ണാശ്രമം ആണെന്ന്‌. കേരളത്തിലെ ആദ്യത്തെ രാമകൃഷ്ണാശ്രമം. അതു തികച്ചും ഒരു പുതിയ അറിവായിരുന്നു ഞങ്ങള്‍ക്ക്‌. ഹിന്ദു ധര്‍മ്മത്തിലെ അപചയങ്ങള്‍‌ക്കെതിരെ പ്രവര്‍ത്തിച്ച ശ്രീ രാമകൃഷ്ണപരമഹംസരുടെയും, സ്വാമി വിവേകനന്ദന്റേയും, മറ്റും ആശയങ്ങളില്‍ നിന്നും ഉടലെടുത്ത രാമകൃഷ്ണാമിഷന്റെ കീഴില്‍ കേരളത്തില്‍‌ സ്ഥാ‍പിതമായ ആദ്യ ആശ്രമത്തിന്റെ ഇന്നത്തെ അവസ്ഥ ശരിക്കും വേദനാജനകം തന്നെയാണ്. ഈ ആശ്രമത്തെപ്പറ്റി അവിടെനിന്നും പിന്നീട്‌ ഇന്റെര്‍‌നെറ്റില്‍‌ നിന്നും ശേഖരിച്ച ചില വിവരങ്ങള്‍‌ ഇവിടെ ചേര്‍ക്കുന്നു.
ഇതു ഈ ആശ്രമത്തിന്റെ തറക്കല്ലിട്ടതിന്റെ സൂചകമായി പ്രധാനകവാടത്തിലുള്ള ശിലാഫലകം. ഇതില്‍ പറയുന്നതനുസരിച്ചു ശ്രീരാ‍മകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദ സ്വാമികള്‍ 1912 സെപ്തംബര്‍ മാസം നലാം തീയതി കൃഷ്ണാഷ്ടമി ദിവസം രാവിലെ ഈ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നാണ്. എന്നാല്‍‌ സ്വമി നിര്‍മ്മലാനന്ദജിയെപ്പറ്റി ശ്രീ രാമകൃഷ്ണാമിഷന്‍‌ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 1912 സെപ്റ്റംബര്‍‌ പതിനൊന്നിനു തന്റെ മൂന്നാമത്തെ കേരളസന്ദര്‍‌ശനവേളയിലാണ് സ്വാമികള്‍ ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്‌ എന്നാണ് പറയുന്നത്‌.
ഇതു ആശ്രമത്തിന്റെ ഇന്നത്തെ ചിത്രം. ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ നല്‍കിയ സ്ഥലത്താണ് അന്ന്‌ ഈ ആശ്രമം പണിതതു. അദ്ദേഹം പിന്നീടു സന്യാസം സ്വീകരിക്കുകയും സ്വാമി ചിത്‌സുഖാനന്ദ എന്ന പേരില്‍ പ്രശസ്തനാവുകയും ചെയ്തു. അന്നു ആശ്രമത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന സംഭവന വക്കീലും രാമകൃഷ്ണ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റും ആയിരുന്നു ശ്രീ സുബ്ബരായ അയ്യര്‍ നല്‍കിയ ആയിരം രൂപയും ആയിരുന്നു.
ശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാമുറിയും പൂജാമുറിയും ആണ് ചിത്രത്തില്‍. ഒരു കാ‍ലത്തു സമൂഹം തഴ്ന്ന ജാതിക്കാര്‍ എന്നു പ്രഖ്യാപിച്ചു അകറ്റിനിറിത്തിയിരുന്നവര്‍ക്കും ഇവിടെ പ്രവേശനവും പൂജകളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശവും ഉണ്ടായിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഒന്നിച്ചു പ്രസാദം കഴിച്ചിരുന്നതും ഇവിടെത്തന്നെയാണ്. അയിത്തം ഒഴിവക്കുന്നതിനു ആശ്രമം സമൂഹഭോജനം സംഘടിപ്പിച്ചിരുന്നതും ഇവിടെത്തന്നെ.
ഒട്ടനവധി പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്കും അരങ്ങേറ്റത്തിനും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ അരങ്ങേറ്റവും ഇവിടെ ആയിരുന്നെന്ന്‌ പറയപ്പെടുന്നു. കൂടതെ നിത്യവും രാവിലെയും വൈകീട്ടും ഭജന ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്തിരുന്നു.
ഇതു പ്രധാന പൂജാമുറിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം. ഇവിടെ രാമകൃഷ്ണപരമഹംസരുടേയും, ശാരദാ‌ദേവിയുടേയും, സ്വാമി വിവേകനന്ദന്റേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നു രാമകൃഷ്ണാമിഷന്റെ മങ്ങിത്തുടങ്ങിയ ചിഹ്നം മാത്രം കാണാം.
രാമകൃഷ്ണാമിഷന്റെ മായാതെ അവശേഷിച്ച ചിഹ്നം.
ആശ്രമം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്‌ ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ ആണ്. അദ്ദേഹം പിന്നീ‍ട്‌ സന്യാസി ആവുകയും ഒടുവില്‍ ആയിരത്തിതൊള്ളയിരത്തി എഴുപത്തിമൂന്ന്‌ സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാം തീയതി ഇവിടെവെച്ചു സമാധിഅടയുകയും ചെയ്തു. ആശ്രമവളപ്പില്‍‌ ഉള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലം ആണിത്‌.
ആശ്രമത്തിലെ പ്രധാന പൂജാമുറിയുടെ പുറത്തുള്ള ചെറിയ ഗണപതിവിഗ്രഹം. ഇത്രയും കാലത്തിനിടയിലും ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗണപതി വിഗ്രഹത്തിനു മറുവശത്തു പൂജമുറിക്കു പുറത്തുള്ള മറ്റൊരു വിഗ്രഹം. ഇതു എതു ദേവന്റേതാണെന്നു എനിക്കറിയില്ല.
1912 മുതല്‍‌ 1978 വരെ ഈ ആശ്രമം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടാ‍യ ചില തര്‍ക്കങ്ങള്‍‌ ആശ്രമത്തെ കോടതിവ്യവഹാരത്തില്‍ എത്തിച്ചു. തുടര്‍ന്നു ആശ്രമം അടച്ചുപൂട്ടുകയാ‍യിരുന്നു. ഈ സമയത്തിനിടക്കു ആശ്രമത്തിന്റെ കീഴില്‍ ഒരു വിദ്യാലയവും, ആതുരാലയവും, വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു ആതുരാലയം മാത്രം അവശേഷിക്കുന്നു. ഇതു ഇന്നു സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ്. ആശ്രമത്തിന്റെ കീ‍ഴിലുള്ള വിദ്യാലയത്തില്‍ ജാതിമത ഭേദമന്യേ എല്ലവര്‍ക്കും വിദ്യാഭ്യസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നു. ഈ പ്രദേശത്തു ആദ്യമായി അലോപ്പതി ചികിത്സാ‍സമ്പ്രദായം എത്തീച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതും ആശ്രമം തന്നെ.
ഇപ്പോള്‍ കോടതിയില്‍ ഉള്ള കേസുകളില്‍ ആശ്രമത്തിനു അനുകൂലമായ വിധി വന്നിട്ടുള്ളതായും ഈ സ്ഥലത്തു ഒരു പുതിയ ആശ്രമം നിര്‍മ്മിക്കാന്‍ പോവുന്നതായൂം അറിയാന്‍ കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനം വീണ്ടും ഉയര്‍‌ത്തെണീക്കും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗു നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍‌പ്പിക്കുന്നു.