2008, മേയ് 28, ബുധനാഴ്‌ച
അതിരപ്പിള്ളി - ദൈവത്തിന്റെ സ്വന്തം വെള്ളച്ചാട്ടം.
ഇതു ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടം - അതിരപ്പിള്ളി. കേരളത്തിലെ തൃശ്ശൂര്‍ജില്ലയില്‍ ചാലക്കുടിപട്ടണത്തില്‍നിന്നും മുപ്പത്തിഒന്ന് കിലോമീറ്റര്‍ അകലേ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലം. ഇവിടെ എത്തിച്ചേരാന്‍ രണ്ടുവഴികള്‍ ഉണ്ട്. ഒന്നു അങ്കമാലിയില്‍നിന്നും മഞ്ഞപ്രവഴി കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തിനു നടുവിലൂടെ ഒരു ചെറിയ കടത്തു കടന്ന് വീണ്ടും റോഡ്‌മാര്‍ഗ്ഗം അതിരപ്പിള്ളിയില്‍ എത്താം. ഇതു എറണാകുളത്തുനിന്നും വരുന്നതുനുള്ള ഏറ്റവും എളുപ്പവഴിയാണ്. എന്നാല്‍ അല്പം വീതികുറവും കടത്തുകടക്കാനുള്ള ബുദ്ധിമുട്ടും കാരണം അധികം ആളുകളും തിരഞ്ഞേടുക്കുന്നതു രണ്ടാമത്തെ വഴിയാണ്. ചാലക്കുടിപട്ടണത്തില്‍നിന്നും നേരെറോഡ്‌മാര്‍ഗ്ഗം അതിരപ്പിള്ളിയിലേക്കു. രണ്ടുതവണ അതിരപ്പിള്ളിയില്‍ പോയിട്ടുണ്ടു. അപ്പോള്‍ ഈ രണ്ടു വഴിയും പരീക്ഷിച്ചുനോക്കി. ഈ രണ്ടുയാത്രകളിലും എടുത്ത ചിത്രങ്ങള്‍ചേര്‍ത്തു നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ഇതു കേരള പ്ലന്റേഷന്‍ കോര്‍പ്പറേഷന്റെ വെറ്റിലപ്പാറ തോട്ടത്തിലൂടെയുള്ള വഴിയാണ്. റബ്ബറും, എണ്ണപനയുമാണ്‍` ഇവിടത്തെ പ്രധാന കൃഷി. തികച്ചും മനോഹരമായ സ്ഥലം. ഇക്കൊടൂറിസം പ്രോജെക്ട് നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേള്‍ക്കുന്നതു. ഇത്തരത്തില്‍ കുറേതോട്ടങ്ങള്‍ ഉണ്ട് പ്ലന്റേഷന്‍ കോര്‍പ്പറേഷന്. പലതും ഇപ്പോള്‍ നഷ്ടത്തിലും ആണ്. ഇക്കോടൂറിസം കോര്‍പ്പറേഷനു ലാഭകരമായ ഒന്നാവും എന്നു പൊതുവെ പറഞ്ഞു കേള്‍ക്കുന്നു.
ഇതാണ് എണ്ണപന. കേരളത്തില്‍ നാളികേര കര്‍ഷകന്‍ തേങ്ങക്കു വിലയില്ലാത്തതില്‍ വിലപിക്കുമ്പോള്‍ ഇങ്ങനെ എണ്ണപനകൃഷി പ്രൊത്സാഹിപ്പിക്കാന്‍ കാരണം എന്താണെന്നു അറിയില്ല. എന്തായാലും ഇതു സമീപഭാവിയില്‍ ഒന്നും ആരംഭിച്ചതല്ല.
ഇതു മൂത്തുപാകമായ പനങ്കുലകള്‍ ആണ്. പാം ഓയില്‍ ഉണ്ടക്കുന്നതു ഇവിടെ അല്ല. ഇവ ഇവിടെന്നിന്നും ഇവ ആ ഫാക്ട്രിയില്‍ എത്തിക്കുന്നു. വെറ്റിലപ്പാറ ഫാക്ടറിയില്‍ പ്രധാനമായും റബ്ബര്‍ സംസ്കരണമാണ് നടക്കുന്നതു.
ഇതു എണ്ണപനതോട്ടത്തിലൂടെയുള്ള ഒരു നടപ്പാതയാണ്. വാഹനങ്ങള്‍ പോവുന്ന വഴി വേറേയുണ്ടു. തോട്ടം ഒന്നു നടന്നുകാണാന്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രം ആണ് ഇതു.
ഇതാണ് ചാലക്കുടിപ്പുഴയില്‍ ഞാന്‍ നേരത്തെ പറഞ്ഞ കടത്ത്. ഇതുന് മറുകരയില്‍ ഒരു 250 മീറ്റര്‍ കഴിഞ്ഞാല്‍ നാം ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള റോഡില്‍ എത്തും. അവിടെനിന്നും ഒരു പത്തു കിലോമീറ്റര്‍ ദൂരം കാണും അതിരപ്പിള്ളിക്കു.
വെള്ളച്ചാട്ടവും കഴിഞ്ഞു ശാന്തമായി ഒഴുകുന്ന ചലക്കുടിപ്പുഴ. മഴക്കാലത്ത് എടുത്തചിത്രം ആണിത്. ഇത്തവണ ശകതിയായിപെയ്ത മഴയില്‍ ചാലക്കുടിപ്പുഴയും ശെരിക്കും കരകവിഞ്ഞൊഴുകി. പലര്‍ക്കും ചാലക്കുടിപ്പുഴയില്‍ ഇത്രയും വെള്ളം ഉയരുന്നതു ഓര്‍മ്മയില്‍ ആദ്യത്തെ അനുഭവം ആയിരുന്നു. ഞങ്ങള്‍ പോയ ആ ദിവസവും നല്ലമഴക്കോളുണ്ടായിരുന്നു.
ഈ വഴി ഒരു കാല്‍കിലോമീറ്റര്‍ മതി മെയിന്‍റോഡില്‍ എത്താന്‍. ഇവിടെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടമാണ്.
ഇവിടെയാണ് നമ്മുടെവഴി ചാലക്കുടിയില്‍നിന്നും വരുന്ന റോഡുമായി സന്ധിക്കുന്നത്. എറണാകുളത്തേക്കും മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുന്ന ഫലകം.
ടൂറിസ്റ്റ് കൌണ്ടറില്‍ നിന്നും കൂപ്പണ്‍ വാങ്ങി അല്പാദൂരംകൂടി മുന്നോട്ടുവന്നാല്‍ ഈ ഇറക്കം കാണാം. ഇതു നേരെ എത്തുന്നതു വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്താണ്. ഇവിടെ നിന്നും ആദ്യം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. എന്നിട്ടാവം മുകളില്‍ പോവുന്നതു.
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വെള്ളച്ചാട്ടം. ഇതു കടുത്ത വേനലില്‍ എടുത്ത ചിത്രം ആണ്. മെയ് ഒന്നാംതീയതി. എന്നിട്ടും വറ്റാതെ മനോഹരമായിത്തന്നെ അതിരപ്പിള്ളി നില്‍ക്കുന്നു. സത്യത്തില്‍ ഇപ്പൊളാണ് ഏറ്റവും സുരക്ഷിതമായ സമയം.
ഈ ദൃശ്യങ്ങള്‍ എത്രകാലം ഇങ്ങനെ നില്‍ക്കും എന്നറിയില്ല. കേരള സംസ്ഥാന വൈദ്യുത ബോര്‍ഡിനു അതിരപ്പിള്ളിയില്‍ ഒരു ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ പരുപാടിയുണ്ട്. അതു യാഥാര്‍ഥ്യമാവുന്നതോടെ ഈ വെള്ളച്ചാട്ടം ഇല്ലാതാവുമോ എന്ന ഭയം പകൃതിസ്‌നേഹികള്‍ ഉയര്‍ത്തുന്നുണ്ട്.
വെള്ളച്ചാട്ടത്തിനു ശേഷം ശാന്തമായി ഒഴുകുന്ന പുഴ. ഈ പുഴയില്‍ത്തന്നെയാണ് നമ്മള്‍ നേരത്തെകണ്ട കടത്തും.
ഇനിതിരിച്ചു മുകളിലേക്കു കയറനുള്ളതാണ്. അതുകൊണ്ട് അല്പം ഭക്ഷണം ആവാം. ഇതു ഞങ്ങളുടെ പ്രിയപ്പെട്ട ഹരിയേട്ടനും സിന്ധുചേച്ചിയും വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്നതാണ്. അതിരപ്പിള്ളിക്കു വരുമ്പോള്‍ ഭക്ഷണം കൂടെകരുതുന്നതാണ് നല്ലതു.
മുകളിലേക്കു കയറുന്നതിനു മുന്‍പ് അതിരപ്പിള്ളിയുടെ ചില ചിത്രങ്ങള്‍ കൂടി. ഇവിടെ എത്രനേരം ഇരുന്നലും മതിവരില്ല. എന്നാലും മുകളില്‍ കയറി വെള്ളത്തില്‍ വിശാലമായി ഒന്നു കുളിച്ചാലല്ലെ യാത്ര പൂര്‍ണ്ണമാവൂ.
സത്യം പറഞ്ഞാല്‍ ആ വെള്ളം വീഴുന്നതിന്റെ അടുത്തുവരെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഇവിടെ ഉള്ളവര്‍ സമ്മതിക്കില്ല. എന്തിനാ വെറുതെ ഭാഗ്യം പരീക്ഷിക്കണെ? ഇതാ അവരുടെ ചോദ്യം.
ഒന്നു ചിരിക്കൂ. ഒകെ താങ്ക്സ്. (വെറുതെ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗി കളഞ്ഞു)
നേരത്തെ കണ്ട ചിത്രങ്ങള്‍ എല്ലാം വേനലില്‍ വറ്റിവരണ്ട അതിരപ്പിള്ളിയുടെതാണെങ്കില്‍ ഇത വര്‍ഷക്കാലത്തു വിരാട രൂപം പൂണ്ട അതിരപ്പിള്ളി. ജൂലയ് മാസത്തില്‍ മുകളില്‍ വ്യു പോയിന്റില്‍ നിന്നെടുത്ത ചിത്രം.
നേരത്തെ ചിത്രങ്ങളില്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ കീഴ്‌ഭാഗം തന്നെയാണിതു. ഇന്നു അവിടെ എത്താന്‍ സാധ്യമല്ല. അത്രയും ശക്തമായിട്ടാണ് വെള്ളം താഴെക്കു വീഴുന്നത്.
തിരികെ ശാന്തതയുടെ ചിത്രങ്ങളിലേക്കു. നമ്മള്‍ ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആണ്. ഇവിടെ വിശാലമായി ഒന്നുകുളിക്കാം. നല്ല ഒഴുക്കുണ്ടു. കൂടതെ പാറക്കെട്ടുകള്‍ക്കിടക്കുള്ള കുഴികളും.
ഹലോ.... മാഷെ ഞങ്ങളും ഇവിടുത്തുകാരാണെ. ഞങ്ങളുടെ പടവും പിടിക്കാം. പിന്നെ ദാ ഇങ്ങനെ വല്ലതും ഉണ്ടെങ്കില്‍ സന്തോഷം.
ഇത്തരം കുത്തുകളില്‍ അപകടവും പതിയിരിക്കുന്നു. ചില പാറക്കെട്ടുകള്‍ക്കു സമീപം നല്ല താഴ്ചയുള്ള കുഴികളും ഉണ്ട്. എന്നാലും വിശാലമായി ഒരു രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.
ഇത്ര കണ്ടാലും മതിവരാത്ത പകൃതിദൃശ്യങ്ങള്‍.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം.
ഈ രണ്ടു ചിത്രങ്ങളും വേനലില്‍ അതിരപ്പിള്ളിയുടെ മുഖം വ്യക്തമാക്കുന്നു. ഇനി നമുക്കു വര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി കാണാം.
ഇതു വര്‍ഷക്കാലത്തു നിറഞ്ഞു രൌദ്രഭാവത്തില്‍ ഒഴുകുന്ന അതിരപ്പിള്ളി.
താഴെ എത്രദൂരേക്കാണു ജലകണങ്ങള്‍ മേഘങ്ങളെപ്പോലെ നീങ്ങുന്നത്.
ഇരുട്ടുപരക്കാന്‍തുടങ്ങിയിരിക്കുന്നു. ഈ യാത്രയും ഇവിടെ അവസാനിക്കുകയാണ്. ഇനി എത്രയും വേഗം വീടെത്തണം. ഞങ്ങള്‍ അതിരപ്പിള്ളിയോടു തത്ക്കാലം വിടപറഞ്ഞു.
വീണ്ടും ഒരു അസ്തമനം. ഒരിക്കലും നിറംമങ്ങാത്ത ഒരു പിടിഓര്‍മ്മകളോടെ ഞങ്ങളും വണ്ടിയിലേക്കു നീങ്ങി. മനസ്സില്‍ ഒരു പ്രാര്‍ത്ഥനമാത്രം വീണ്ടും ഇവിടെവരുമ്പോള്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ഈ സൌന്ദര്യത്തോടെ അതിരപ്പിള്ളി എന്നും ഉണ്ടാവണമേ എന്നു.
2008, മേയ് 25, ഞായറാഴ്‌ച
കൊച്ചികായലും ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരവും
കൊച്ചികായലിന്റേയും ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തിന്റേയും ചില ചിത്രങ്ങള്‍ ആണ് ഈ ബ്ലോഗില്‍. കേരളത്തിന്റെ വ്യവസായികതലസ്ഥാനം എന്നും വാണിജ്യ തലസ്ഥാനം എന്നും അറിയപ്പെടുന്ന നഗരമാണ് എറണാകുളം. എറണാകുളം നഗരത്തില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്‌ജെട്ടിയില്‍ നിന്നും ഈ യത്ര തുടങ്ങാം. ഞാന്‍ ഈ ബ്ലോഗില്‍ ചേര്‍ക്കുന്ന പലചിത്രങ്ങളും ഏതാനും മാസങ്ങള്‍ക്കുമുന്പേ എടുത്തതാണ്. ഇന്നു ഈ ബോട്ടുജെട്ടിയുടെ മുഖം മാറിയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ പുതിയ ബോട്ടുജെട്ടി ഉണ്ടു. അതിന്റെ ഉത്ഘാടനം കഴിഞ്ഞോ എന്നറിയില്ല. എന്തായലും നമ്മുടെ യാത്ര തുടങ്ങാം.
ഇതു എറണാകുളത്തെ താത്കാലിക ബോട്ടുജെട്ടി. താത്കാലീകമായി ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ കുറച്ചായി. സര്‍ക്കാരുകാര്യമല്ലെ അതു അങ്ങു മുറപോലെ നടക്കും. ഇവിടെനിന്നാണു യാത്ര ആരംഭ്ക്കുന്നതു.
ഇവിടെനിന്നും നോക്കിയാല്‍ അകലെ ഈ കണുന്നതു ഫാക്ട് (ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കത്സ് ട്രാവങ്കൂര്‍ ലിമിറ്റഡ്) എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്നവശ്യമായ ഗന്ധകം (സള്‍ഫര്‍) ഇറക്കുന്ന സ്ഥലം ആണ്. കപ്പലില്‍ ഇവിടെ എത്തിക്കുന്ന ഗന്ധകം കണ്‍വെയര്‍ ബെല്‍ട്ട് വഴിയാണു ഇറക്കുന്നതു.
ഇതാണ് നമ്മുടെ ബോട്ടിന്റെ ഉള്‍ഭാഗം. ഇതു ഒരു പുതിയ ബോട്ടാണ്. അതാണ് ഇത്രയും ഭംഗി. പഴയബോട്ടുകള്‍ ആകെ മൂട്ടയുള്ള പഴയ മട്ടിലുള്ള ഇരിപ്പിടങ്ങളും ആണ്. എന്തായലും ഇത്തരം പുതിയ ഒരു ബോട്ടിന്റെ ചിത്രം കിട്ടിയതു ഭാഗ്യം ആയി. ഇതില്‍ ഞാന്‍ കണ്ട മറ്റൊരു പ്രത്യേകത അത്യാവശ്യത്തിനു രക്ഷാഉപകരണങ്ങള്‍ ഇതില്‍ ഉണ്ട് എന്നതാണു. ഒരു നൂറുപേര്‍ക്കു കയറാവുന്ന ഈ ബോട്ടില്‍ അത്യാവശ്യം ഇരുപതുപേര്‍ക്കെങ്കിലും വേണ്ട “ലൈഫ് ബോയ്” കള്‍ ഉണ്ട്. ടൈറ്റാനിക്കില്‍ പോലും ഉണ്ടായില്ല ഇത്രയും നല്ല ഒരു അനുപാതം.
നമ്മള്‍ എറണാകുളം നഗരം വിടുകയാണ്. മറൈന്‍ഡ്രൈവില്‍ ഉള്ള ചില കെട്ടിടങ്ങളാണ് ഇതു. കുട്ടികളുടെ പാര്‍ക്കിനോടുചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ഒരു പാലവും ചിത്രത്തില്‍കാണാം. താജ്‌മലബാര്‍ ഹോട്ടല്‍, അതിനടുത്തുള്ള ചില കെട്ടിടങ്ങളും ചിത്രത്തില്‍ ഉണ്ട്.
ഈ കപ്പല്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ? കൊച്ചി എണ്ണശുദ്ധീകരണശാലക്കാവശ്യമായ അസംസ്കൃത എണ്ണ പമ്പ് ചെയ്യുകയാണ്. കൊച്ചി നഗരത്തിന്റെ അടിയില്‍ ഇത്തരം എണ്ണക്കുഴലുകള്‍ ധാരളം ഉണ്ടു. ഒരിക്കല്‍ പറയുന്നതുകേട്ടു അവയില്‍ പലതും കലപ്പഴക്കം കൊണ്ടു ദ്രവിച്ചു തുടങ്ങിയതാണെന്നു. ഇത്തരം കുഴലുകളെപ്പറ്റി പ്രധാന ചര്‍ച്ച നടന്നതു ലത്തൂരില്‍ ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍ന്നാണ്. അതിന്റെ പകുതി തീവ്രതയുള്ള ഒരു കുലുക്കം മതിയത്രെ എറണാകുളം ഒരു അഗ്നിഗോളം ആകാന്‍.
നേരത്തെകണ്ട കപ്പലിന്റെ കുറച്ചുകൂടെ അടുത്തുനിന്നുള്ള ഒരു ദൃശ്യം. ഇത്തരം കപ്പലുകളും വളരെ അപൂര്‍വ്വമായി കായലില്‍ അപകടങ്ങള്‍ക്കു കാരണം ആയിട്ടുണ്ട്. കപ്പല്‍ എണ്ണ പമ്പുചെയ്‌തതിനു ശേഷം കടലിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുന്നതിനു അവയുടെ ടാങ്കുകളില്‍ വെള്ളം നിറക്കാറുണ്ട്. ഇങ്ങനെ നിറക്കുന്ന വെള്ളം തുറമുഖത്തുനിന്നും എണ്ണ നിറക്കുന്നതിനായി വരുന്ന കപ്പലുകള്‍ പുറംകടലില്‍ വെച്ചു പമ്പ്‌ചെയ്തുകളയണം എന്നണു നിയമം. എന്നാല്‍ ചിലപ്പോള്‍ ഇതു തുറമുഖത്തു പ്രവേശിച്ചതിനു ശേഷം ആവും ചെയ്യുക. ഇങ്ങനെ പുറന്തള്ളുന്ന വെള്ളത്തില്‍ അല്പം അസംസ്കൃതഎണ്ണയും കാണും. ഇതു ഒരു പാടപോലെ കായലിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഒരു ചെറിയ തീ - കായലിലൂടെ പോവുന്ന വള്ളക്കാരോ, ബോട്ടുയാത്രക്കാരോ വലിച്ചെറിയുന്ന തീപ്പെട്ടിയോ ബീഡിക്കുറ്റിയോ - മതി അതു കത്താന്‍. എന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍ അങ്ങനെ കായലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ഈ പമ്പ്‌ഹൌസില്‍ ജോലിയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിട്ടുണ്ടു. പമ്പുചെയ്യുന്നതിനിടയില്‍ ലീക്കുചെയ്യുന്ന എണ്ണയും അപകടകാരണമാവാം. അന്നു ഇവിടെ കപ്പലുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ഇത്തരം കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിയില്‍ വരുന്നതു കുറയും. കാരണം വൈപ്പിന്‍കരയിലെ പുതുവൈപ്പില്‍ നിന്നു കടല്‍ത്തീരത്തിനു എകദേശം പന്ത്രണ്ടു കിലോമീറ്റര്‍ അകലെ പുറംകടലില്‍ എണ്ണശുദ്ധീകരണശാലയുടെ എസ്. പി. എം (Single Point Mooring) പദ്ധതി പ്രവര്‍ത്തന സജ്ജമാണ്. കൊച്ചിതുറമുഖത്തു അടുക്കാന്‍ കഴിയാതിരുന്ന വലിയ എണ്ണക്കപ്പലുകള്‍ക്കു (Very Large Crude Carriers (VLCC)) പുറംകടലില്‍ നിന്നുതന്നെ നേരിട്ടു കൊച്ചി എണ്ണശുദ്ധീകരണശാലയിലേക്കു എണ്ണ പമ്പുചെയ്യന്‍ കഴിയും.
കൊച്ചികായലിലൂടെ യാത്രചെയ്യുന്ന ഏതൊരാളും ഇത്തരം കപ്പലുകള്‍ കണ്ടിരിക്കും. കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്ന ഡ്രെഡ്‌ജിങ് വെസ്സല്‍ ആണ് ഇതു. എക്കലും ചെളിയും അടിഞ്ഞു കപ്പല്‍ചാലിന്റെ (Shipping channel) ആഴം കുറഞ്ഞുകൊണ്ടിരിക്കും. എങ്ങനെ അടിഞ്ഞുകൂടുന്ന അഴുക്കെല്ലാം മാറ്റി കപ്പല്‍ചാലിന്റെ ആഴം കൃത്യമായി നിലനിറുത്തുകയാണ് ഇതിന്റെ ജോലി. കൊച്ചി തുറമുഖ ട്രസ്റ്റ് ഇതിനായി വര്‍ഷംതോറും മുപ്പതുകോടിയിലധികം രൂപ ചിലവാക്കുന്നുണ്ടെന്നാണു കേള്‍കുന്നതു. ഇതിനായി തുറമുഖട്രസ്റ്റിനു സ്വന്തമായി നെഹ്രുശതാബ്ദി എന്ന ഒരു കപ്പല്‍ ഉണ്ടു. എന്നാല്‍ ഇതു മിക്കവാറും ഡ്രെഡ്‌ജിങ് കോര്‍പ്പാറേഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനമോ, കമല്‍ ഡ്രെഡ്‌ജിങ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനമോ കരാര്‍ അടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും ചെയ്തു വരുന്നു. കൊച്ചിയിലെ കപ്പല്‍ചാലിന്റെ ഇപ്പോഴത്തെ ആഴം പന്ത്രണ്ടു മീറ്റര്‍ ആണത്രെ.
ഇതു കപ്പലുകളെ തുറമുഖത്തു അടുപ്പിക്കുന്ന ടഗ്ഗുകള്‍ ആണു. പുറംകടലില്‍ നിന്നും കപ്പലുകളെ അതിന്റെ നിശ്ചിത ബര്‍ത്തില്‍ എത്തിക്കുന്നതും ശെരിയായി അടുപ്പിക്കുന്നതും ഇവയുടെ ജോലിയാണു. ഇതിനു പുറമെ കായലില്‍ തീപിടുത്തം ഉണ്ടായാല്‍ ആദ്യം ആശ്രയിക്കുന്ന അഗ്നിശമന ഉപാധിയും ഈ ടഗ്ഗുകളില്‍ ചിലതുതന്നെ. കായല്പരപ്പില്‍ ഒഴുകുന്ന എണ്ണപ്പാടകണ്ടാല്‍ വെള്ളം പമ്പുചെയ്തു അതിനെ നേര്‍പ്പിച്ചു അപകടസാധ്യത കുറക്കുന്നതിനും ടഗ്ഗ് ഉപയോഗിക്കുന്നു.
ഇതു വില്ലിങ്‌ടണ്‍ ഐലന്റില്‍ വിനോദസഞ്ചാരികള്‍ക്കായുള്ള ബോട്ട്‌ജെട്ടിയാണ്. കൊച്ചിതുറമുഖ ട്രസ്റ്റിന്റെ ഓഫീസും, തുറമുഖവും സ്ഥിതിചെയ്യുന്നതു ഈ ദ്വീപില്‍ ആണു. മദ്രാസ് ഗവര്‍ണ്ണര്‍ ആയിരുന്ന്ന ലോര്‍ഡ് വില്ലിങ്ടണും (Lord Willingdon), ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ റോബര്‍ട്ട് ബ്രിസ്‌റ്റോയും (Robert Bristow) ആണ്. ഈ തുറമുഖത്തിന്റെ ശില്പികളില്‍ പ്രധാനികള്‍. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഇപ്പോഴും അദ്ദേഹത്തിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു.
ഇതു സാധരണ ജനങ്ങള്‍ക്കായുള്ള ബോട്ട്‌ജെട്ടിയാണു. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ എറണാകുളം - ഐലന്റ് - വൈപ്പിന്‍ ബോട്ടുകള്‍ ഇവിടെ അടുക്കുന്നു.
ഉന്നത തുറമുഖ ഉദ്യോഗസ്ഥന്റെ ഔദ്യോഗികവസതിയുടെ മുന്‍പില്‍ ഉള്ള ബോട്ടുജെട്ടിയാണ് ഇതു.
കൊച്ചിതുറമുഖ ട്രസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം. കേരള ക്ഷേത്ര മാതൃകയില്‍ ആണ് ഇതിന്റെ ഏറ്റവും മുകള്‍ ഭാഗം.
തുറമുഖട്രസ്റ്റിന്റെ പഴയ ഓഫീസ്‌കെട്ടിടം. ഇതിനോടുചേര്‍ന്നുതന്നെയാണ് പുതിയ കെട്ടിടവും പണിതിരിക്കുന്നത്.
ഇതു മലബാര്‍ഹോട്ടല്‍. കൊച്ചിയിലെ ആദ്യത്തെ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടല്‍ ഇതുതന്നെ ആവണം. പ്രധാനമന്ത്രിമാര്‍ക്കും, രാഷ്ട്രപതിമാര്‍ക്കും മാത്രമല്ല ഒട്ടനവധി വിദേശരാഷ്ട്രത്തലവന്മാര്‍ക്കും പ്രതിനിധികള്‍ക്കും ആഥിത്യം അരുളിയിട്ടുണ്ടു ഈ കെട്ടിടം. ഇതും നേരത്തെ കണ്ട തുറമുഖട്രസ്റ്റ് ഓഫീസിനു സമീപം തന്നെയാണ്.
ഇതു ഐലന്റിനു എതിര്‍വശത്തായി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി. ഇവിടെ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനവള്ളങ്ങള്‍ ആണ് ചിത്രത്തില്‍. മട്ടാഞ്ചേരിയെപ്പറ്റി ഒത്തിരി പറയാനുണ്ടു. പല സംസ്കാരങ്ങളുടെ സംഗമഭൂമിയാണു മട്ടാഞ്ചേരി. ജൂതന്മാരും, മറാഠികളും, സിക്കുകാരും എന്നുവേണ്ട ഒട്ടനവധി ജനവിഭാഗങ്ങള്‍ ഉണ്ടിവിടെ. അത് മറ്റൊരു ബ്ലോഗില്‍ പിന്നീടു പറയാന്‍ ശ്രമിക്കാം.
കൊച്ചികായലിലൂടെ യാത്രചെയ്തു വൈപ്പിനിലും അവിടെ നിന്നു ജംങ്കാറില്‍ ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലും എത്തുകയാണ് നമ്മള്‍.
വൈപ്പിനില്‍നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ എത്താനുള്ള ഒരു മാര്‍ഗ്ഗം ഈ ജംങ്കാര്‍സര്‍വ്വീസാണ്. നേരത്തെ എറണാകുളത്തേയ്ക്കും ജംങ്കാര്‍ ഉണ്ടായിരുന്നു. എന്നല്‍ ഇന്നു ഗോശ്രീ പാലങ്ങള്‍ വന്നതോടെ അതു നിലച്ചു.
ജംങ്കാറില്‍ നിന്നിറങ്ങിയാല്‍ നേരെ കടല്‍ത്തീരത്തേയ്ക്കു നടക്കാം. കൊച്ചി അഴിമുഖത്തിന്റെ ഭംഗി ആസ്വദിച്ചു നടക്കാനുള്ള പാതയുടെ ഓരങ്ങളിലായി പല സ്മാരകങ്ങളും ഉണ്ടു. അതില്‍ ഒന്നാണു ചിത്രത്തില്‍ കാണുന്നതു. ഇതെന്താണെന്നു ഊഹിക്കാന്‍ സാധിക്കുന്നുണ്ടോ. കൊച്ചി ഡ്രൈഡോക്കില്‍ 1956 മുതല്‍ ഇരുപതുവര്‍ഷക്കാലം ഉപയോഗിച്ചിരുന്ന ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ബോയ്‌ലറുകള്‍ ആണിത്. കല്‍ക്കരിയും, വിറകും അയിരുന്നു ഇതിന്റെ ഇന്ധനങ്ങള്‍.
ഈ ശിലാഫലകത്തില്‍ എന്താണ് എഴിതിയിട്ടുള്ളതെന്നു എനിക്കും അറിയില്ല. പോര്‍ട്ടുഗീസ് ഭാഷയണെന്നണു തോന്നുന്നത്. ഇതറിയാവുന്ന ആരെങ്കിലും ഒന്നു പരിഭാഷപ്പെടുത്തിയാല്‍ ഉപകാരം. (എന്റെ ഊഹം 1992 ജനുവരി 29-നു പോര്‍ട്ടുഗീസ് പ്രസിഡന്റായ ഡോക്ടര്‍ മാരിയോ സോറസിന്റെ സന്ദര്‍ശനത്തിന്റെ സ്മാരകം ആണെന്നാണു)
ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ നടപ്പാത. കടലിന്റേയും അഴിമുഖത്തിന്റേയും ഭംഗി ആസ്വദിച്ചുകൊണ്ടു ഇതിലെ നടക്കാം.
ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തുള്ള പഴയ രീതിയിലുള്ള ഒരു കെട്ടിടം.
ഇതു ഫോര്‍ട്ടുകൊച്ചിബീച്ച്. ഒരു കാലത്തു ധാരാളം വിനോദസഞ്ചാരികള്‍ വന്നിരുന്ന ഈ കടലോരം ഇന്നു വളരെ വിജനമാണ്. ഒരു പക്ഷെ പരിസരമലിനീകരണം മൂലം വൃത്തിഹീനമായതാവം കാരണം. ഡ്രെഡ്‌ജ് ചെയുന്ന ചെളിയും, ആഫ്രിക്കന്‍പായലും അടിഞ്ഞുകൂടി ആകെ വൃത്തിഹീനമായിരിക്കുന്നു ഇവിടം.
ഇതാ കടലോരത്തിന്റെ മറ്റൊരു ദൃശ്യം. എങ്ങനെ ആണു ഇവിടെ കുളിക്കാന്‍ സാധിക്കുക. ഒരുകാലത്തു വളരെ വിശാലമായ കടല്‍ത്തീരം ഉണ്ടായിരുന്ന ഇന്നിവിടെ നമമാത്രമായ ഒരു ബീച്ച് ആണുള്ളതു. അതും താമസിയാതെ ഇല്ലാതായേക്കാം.
ഇതു വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ലഘുഭക്ഷണശാലകള്‍ ആണു. ഞാന്‍ പോവുമ്പോള്‍ ഇതില്‍ ഒന്നുപോലും തുറന്നതായി കണ്ടില്ല. അന്നുമാത്രമല്ല അടുത്തകാലത്തൊന്നും ഇവ തുറന്നു പ്രവര്‍ത്തിച്ച്തിന്റെ ഒരു ലക്ഷ്ണവും കണ്ടില്ല.
പഴയകൊച്ചികോട്ടയായ “ഫോര്‍ട്ട് ഇമ്മാനുവല്‍” ന്റെ ഭാഗമായിരുന്നു ഈ പീരങ്കി. ഈ കോട്ട ഇന്നില്ല. അതു കടലെടുത്തുപോയി എന്നാണു അറിയുന്നത്.
ആദ്യം നമ്മള്‍ പറഞ്ഞ നടപ്പാതക്കു അല്പം ദൂരെയായി വിനോദസഞ്ചാരികള്‍ക്കു വിശ്രമിക്കുവാനുള്ള സ്ഥലം ആണ് ചിത്രത്തില്‍. ഇത്തരത്തില്‍ഉള്ള കുറച്ചു കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ട്.
കക്കയുടേയും മറ്റും പുറന്തോടുകള്‍ കൊണ്ടു വിവിധ കരകൌശലവസ്തുക്കള്‍ ഉണ്ടാക്കി വിപണനം ചെയ്യുന്നവരാണ് ഇതു. കീചെയില്‍ മുതല്‍ പലതരം സാധനങ്ങള്‍ ഇവിടെക്കാണാം.
ഇതാപഴയമാതൃകയിലുള്ള ഒരു കെട്ടിടം. ഒരുകാലത്തു ഇതു ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗീക വസതിയായിരുന്നു എന്നുതോന്നുന്നു. ഇപ്പോള്‍ ഇതു പുരാവസ്തുവകുപ്പിന്റെ കീഴില്‍ ഒരു സംരക്ഷിത സ്മാരകം ആണ്.
ചരിത്രപരമായി വളരെ പ്രാധന്യമുള്ള ഒരു കൃസ്തീയദേവാലയം ആണിത്. കേരളത്തിലേത്തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ മറന്നു. ക്ഷമിക്കുക. പിന്നീടു അതു ചേര്‍ക്കാന്‍ ശ്രമിക്കാം.
ഇതു ഫോര്‍ട്ടുകൊച്ചിവെളി. ഫോര്‍ട്ടുകൊച്ചിക്കാരുടെ ഏറ്റവും പ്രിയപ്പ്പെട്ട കായികവിനോദം എതാണെന്നു ചോദിച്ചാല്‍ സംശയം കൂടതെപറയാം ഫുട്‌ബോള്‍ എന്നു. എത്രമഴയത്തും വൈകുന്നേരങ്ങളില്‍ എവിടെ ഫുട്‌ബോള്‍ കളിക്കുന്നതുകാണാം. പിന്നെ ഫോര്‍ട്ടുകൊച്ചിയുടെ മറ്റു പ്രത്യേകതകള്‍ ഗട്ടാഗുസ്തി മത്സരവും, പുതുവത്സരാഘോഷത്തൊടനുബന്ധിച്ചു നടക്കുന്ന ബീച്ച് കാര്‍ണിവെല്ലും ആണ്. പിന്നെ ഇന്ത്യയിലെ ഒരുവിധം എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിക്കറുണ്ട്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി കായല്‍യാത്രക്കുള്ള സൌകര്യവും ഇവിടെ ഉണ്ട്. അതിനായി മാത്രം ഉള്ള ഒരു ബോട്ട്‌ജെട്ടിയും ഇവിടെ ഉണ്ട്. വിനോദസഞ്ചാരികള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനു ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ടൂറിസം പോലീസിന്റെ സാന്നിധ്യവും ഇവിടെ കൂടുതല്‍ അണ്.
ഫോര്‍ട്ടുകൊച്ചിയുടെ സൌന്ദര്യത്തിനു തൊടുകുറിയാണ് ഈ ചീനവലകള്‍. കായലില്‍ അഴിമുഖം വരെ നീണ്ടുനില്‍ക്കുന്ന ധാരാളം ചീനവലകള്‍ ഉണ്ടു കൊച്ചിയില്‍.
ഇതാ അത്തരം ചീനവലകളുടെ ഒരു ദൃശ്യം. മനുഷ്യന്‍ മത്സ്യബന്ധനത്തിനു ഉപയോഗിച്ച ഏറ്റവും പഴയ മാര്‍ഗ്ഗങ്ങളില്‍ ഒന്നാവണം ചീനവല.
ഇതു ഫോര്‍ട്ടുകൊച്ചി ബോട്ടുജെട്ടിയൊടു ചേര്‍ന്നുള്ള ഒരു ഹോട്ടല്‍ ആണ്. ബ്രണ്ടന്‍ ബോട്ട്‌യാര്‍ഡ് ഹോട്ടല്‍. പഴയ ഒരു കെട്ടിടം ഹോട്ടല്‍ ആക്കിയതാവണം. എന്തായലും കായല്‍ക്കരയില്‍ നല്ല ഭംഗിയാണ് ഇതു കാണാന്‍.
അങ്ങനെ ഫോര്‍ട്ടുകൊച്ചി യാത്രയുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നു. ഒരു കാലത്തു കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഈ കടല്‍ത്തീരം ഇന്നു നമാവശേഷമായിക്കഴിഞ്ഞു. ഇവിടെ അവശേഷിക്കുന്നതു പഴമയുടെ ചില സ്മാരകങ്ങള്‍ മാത്രം. ഇവിടെ നിന്നും അധികം ദൂരെയല്ലാതെ മട്ടാഞ്ചേരിയും ഉണ്ട്. ജൂതന്മാരുടെ ആരധനാലയങ്ങളും, പുരാവസ്തുക്കളുടെ വലിയശേഖരങ്ങളുള്ള തെരുവുകളും ആയി. കേരളത്തിന്റെ തീരത്തു ആദ്യമായി എതിയ വസ്‌കോ-ഡ-ഗാമയുടെ ശവകുടീരവും ഇവിടെ അത്രെ. ആ ചിത്രങ്ങളും വിശേഷങ്ങളുമായി വീണ്ടും ഒരിക്കല്‍കാണാം. ഈ ബ്ലോഗു നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)