2008, നവംബർ 23, ഞായറാഴ്‌ച

മാവേലിക്കരയിലെ ബുദ്ധപ്രതിമ | Statue of Buddha at Mavelikkara

പണ്ടെപ്പോഴോ ബൂലോകത്തിൽ കറങ്ങുന്നതിനിടയിലാണ് മാ‍വേലിക്കരിയിൽ ശ്രീബുദ്ധന്റെ ഒരു പ്രതിമ ഉള്ളതായി അറിഞ്ഞത്. അന്നു മനസ്സിൽ തീരുമാനിച്ചു എന്നെങ്കിലും മാവേലിക്കരയ്ക്കു പോവുമ്പോൾ ബുദ്ധഭഗവാന്റെ ഈ ബിംബം കാണണമെന്നും അതിന്റെ ഒരു ചിത്രമെങ്കിലും എന്റേതായി ബൂലോകർക്കായി സമർപ്പിക്കണമെന്നും. ഇന്നു അത്തരത്തിൽ മവേലിക്കരയ്ക്കു ഒരു യാത്ര സാധ്യമായി. ഔദ്യോഗിക കാര്യങ്ങൾ തീർന്നപ്പോൾ കൂടെയുണ്ടായുന്ന പാറശ്ശാലക്കാരനെങ്കിലും കുറച്ചുകാലമായി മാവേലിക്കരയിലുള്ള ആന്റണി എന്ന സുഹൃത്തിനോടു ഈ ബുദ്ധപ്രതിമയെപ്പറ്റി ചോദിച്ചു. ഞങ്ങൾ അപ്പോൾ നിന്നിരുന്ന സ്ഥലത്തിനും അൻപതുമീറ്റർ മാറി ഒരു ശ്രീകൃഷണസ്വാമി ക്ഷേത്രം ഉണ്ടെന്നും അതിന്റെ മുൻപിലായാണ് ബുദ്ധഭഗവാന്റെ ഈ പ്രതിമ ഉള്ളതെന്നും ആന്റണി പറഞ്ഞു. ഞങ്ങൾ അങ്ങോട്ടു നടന്നു.
ഈ ചിത്രത്തിൽ കാണുന്നതാണ് ശ്രീബുദ്ധഭഗവാന്റെ പ്രതിമ സ്ഥപിച്ചിരിക്കുന്ന മണ്ഡപം. ഇന്നു ഇതൊരു സംരക്ഷിത സ്മാരകം ആണ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇതിപ്പോൾ. പുരാവസ്ത വകുപ്പു ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിൽ ഇതു 10ആം നൂറ്റാണ്ടിലേതാണെന്നു പറയുന്നു. അതായതു ആയിരത്തോളം വർഷം പഴക്കമുള്ള ഒന്ന്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുൻപിലാണ് ഈ മണ്ഡപം. “ബുദ്ധ ജംങഷൻ” എന്നാണ് ഈ കവല അറിയപ്പെടുന്നത്. ഇതിനോടു ചേർന്നുള്ള മാവേലിക്കര കോവിലകത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂർണ്ണമായും നശിച്ചു കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കണ്ടിയൂർ ക്ഷേത്രത്തിന്റെ സമീപത്തുള്ള പാടത്തുനിന്നും യാദൃശ്ചികമായി ഒരു ഉദ്ഖനനത്തിനിടെ ലഭിച്ചതാണ് ഈ വിഗ്രഹം. 1923-ൽ ആണ് ഇതിവിടെ സ്ഥാപിച്ചത്. ഒരു കാലഘട്ടത്തിൽ മാവേലിക്കരയും സമീപപ്രദേശങ്ങളും ബുദ്ധന്റെ അനുയായികളുടെ പ്രധാനകേന്ദ്രമായിരുന്നു എന്നതിനു തെളിവാണ് ഈ ബിംബം. ഇതു അച്ചൻ‌കോവിലാറിൽ നിന്നും കണ്ടെടുത്തതാണെന്ന ഒരു വാദവും ഉണ്ട്.
കുറച്ചുകൂടെ വ്യക്തമായ ചിത്രം. വെളിച്ചം കുറവായിരുന്നതും, ഫോട്ടോഗ്രാഫിയിലുള്ള എന്റെ പ്രവീണ്യക്കുറവും കാരണം വ്യക്തമായ ചിത്രം എടുക്കാൻ സാധിച്ചില്ല. വളരെ വ്യക്തമായ ചിത്രങ്ങൾ വിക്കിയിൽ ലഭ്യമാണ്.

ധ്യാനനിമഗ്നനായിരിക്കുന്ന ബുദ്ധഭഗവാൻ. ശാന്തമായ് ഒരു പുഞ്ചിരിയാണ് ആ മുഖത്ത്. മുഖത്തിന്റെ ആ ശാന്തത എന്റെ ഈ ചിത്രങ്ങളിൽ വ്യക്തമല്ല.

(വിവരങ്ങൾക്കു കടപ്പാട് വിക്കി. )

6 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

മാവേലിക്കര വഴി പലതവണ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്നിനെക്കുറിച്ചു കേട്ടിട്ടില്ല.

വിവരങ്ങള്‍ക്കു നന്ദി.

ബിന്ദു കെ പി പറഞ്ഞു...

പുതുമയുള്ള ഈ വിവരത്തിന് നന്ദി മണി..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

മാവേലിക്കരയ്ക്കു പോയിട്ടുണ്ട് എന്നാലും ഇങ്ങനെ ഒന്നിനെ കുറിച്ച് ആദ്യം കേള്‍ക്കുകയാ.നന്ദി മണി.ഇനി പോകുമ്പോള്‍ തീര്‍ച്ചയായും ബുദ്ധദേവനേയും കണ്ടിട്ടേ വരൂ

Manikandan പറഞ്ഞു...

ശ്രീബുദ്ധഭഗവാനെ കാണാൻ എത്തിയ അനിൽജി, ബിന്ദുജി , കാന്താരിക്കുട്ടി വളരെ നന്ദി. ബുദ്ധഭഗവാന്റെ ഈ ശില്പം മാവേലിക്കരയിൽ ഉണ്ടെന്ന ആറിവ് ബൂലോകത്തുനിന്നും തന്നെയാണ് എനിക്കും ലഭിച്ചത്. എന്റെ ഈ ബ്ലോഗ് സഹായകമായി എന്നറിയുന്നതിൽ സന്തോഷം.

പാമരന്‍ പറഞ്ഞു...

നന്ദി മണികണ്ഠാ.

സാധാരണ ഗതിയില്‍ ബുദ്ധപ്രതിമ കണ്ടാല്‍ അതിനെ ഉടനേ വിഷ്ണുവെന്നോ മറ്റോ വിളിച്ച്‌ ഹൈന്ദവവല്‍ക്കരിക്കാറാണു പതിവ്‌. ഇതു ബുദ്ധനായിത്തന്നെ അറിയപ്പെടുന്നെന്നറീഞ്ഞതില്‍ അല്‍ഭുതമുണ്ട്‌.

Manikandan പറഞ്ഞു...

പാമരൻ‌ജി, ഈ സന്ദർശനത്തിനു നന്ദി. ബുദ്ധ, ജൈന സസ്കൃതികൾ കേരളത്തിന്റെ സംസ്കാരീകപാരമ്പര്യത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് ഞാൻ അജ്ഞനാണ്. എന്നാൽ ബുദ്ധദേവൻ ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരം ആണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു എന്നു കരുതുന്നു. ജയദേവ കവികൾ അദ്ദേഹത്തിന്റെ ഗീതാഗോവിന്ദത്തിൽ ഭഗവാന്റെ ദശാവതാരങ്ങളിൽ ഒന്നായി വർണ്ണിക്കുന്നത് ഭഗവാൻ ബുദ്ധനെയല്ലേ?
നിന്ദസി യജ്ഞവിധേ രഹഹ ശ്രൂതിജാതം
സദയഹൃദയ ദർശിതപശുഘാതം
കേശവ ധൃത ബുദ്ധശരീര
ജയ ജഗദീശ ഹരേ, ജയ ജഗദീശ ഹരേ

ഇതിൽ രസകരമായി ഞാൻ കാണുന്നത് ശ്രീകൃഷ്ണനെ ഈ അവതാരങ്ങളിൽ പെടുത്തിയിട്ടില്ല എന്നതാണ്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനം, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീബുദ്ധൻ, കൽകി എന്നിവയാണ് ജയദേവ ഗീതാഗോവിന്ദത്തിലെ അവതാരങ്ങൾ.