2011, ജൂൺ 19, ഞായറാഴ്‌ച

മുളങ്കുഴി | Mulamkuzhi

ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല, എന്നത്തേയും പോലെ യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാത്ത യാത്ര. എന്റെ യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാവും ഓരോ സ്ഥലങ്ങളിൽ എത്തിപ്പെടുക. പലപ്പോഴും ജോലിയുടെ ഭാഗമായി പലസ്ഥലങ്ങളിലും പോകേണ്ടിവരാറുണ്ട്. ജോലി നേരത്തെ കഴിഞ്ഞാൽ അവിടെ അടുത്ത് പ്രസിദ്ധമായ ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ സന്ദർശിക്കും. ചിത്രങ്ങൾ എടുക്കും. സമയം കിട്ടിയാൽ ആ ചിത്രങ്ങളും വിശേഷങ്ങളും ബൂലോകത്തിലൂടെ പങ്കുവെയ്ക്കും.

ഇന്നത്തെ യാത്രയും അങ്ങനെ തന്നെ. ധാരാളം ചലച്ചിത്രങ്ങളിലൂടെ കണ്ട് പരിചയപ്പെട്ട ഒരു സ്ഥലത്തേയ്ക്ക്. എറണാകുളം ജില്ലയിൽ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മുളംകുഴി എന്ന കൊച്ചു ഗ്രാമത്തിലേയ്ക്ക്. ഈ സ്ഥലനാമം പല രീതിയിൽ എഴുതിക്കണ്ടു, മുളംങ്കുഴി, മുളങ്കുഴി, മുളംകുഴി അങ്ങനെയെല്ലാം. എന്തായാലും ഉഛാരണത്തിൽ ഒന്നു തന്നെ മുളങ്കുഴി. രണ്ടു നദികളുടെ സംഗമസ്ഥാനമാണ് മുളങ്കുഴി, പെരിയാറും പെരുന്തോടും ഇവിടെ സംഗമിക്കുന്നു. മുളങ്കുഴി പുഴ എന്ന് ഇവിടെ പെരിയാറിനെ ചിലർ പറയുമ്പോൾ തദ്ദേശവാസികൾ ഇവിടെ വിശേഷിപ്പിക്കുന്നത് മഹാഗണിത്തോട് എന്നാണ്. ഇവിടുത്തെ വനത്തിലെ വൃക്ഷങ്ങളിൽ അധികവും മഹാഗണി ആയതുകൊണ്ടാണ് ഈ പേരിൽ ഇവിടം അറിയപ്പെടുന്നത്.

ഇവിടെ എത്തിപ്പെടുക എന്നത് വളരെ എളുപ്പമാണ്. അങ്കമാലിയിൽ നിന്നും കാലടിയിൽ നിന്നും നല്ലരീതിയിൽ തന്നെ സ്വകാര്യബസ് സർവ്വീസ് ലഭ്യമാണ്. സ്വന്തം വാഹനം ഉള്ളവർക്കും എം സി റോഡിൽ കാലടിയിൽ നിന്നും മലയാറ്റൂർ, കാടപ്പാറ, ഇല്ലിത്തോട് വഴി മുളങ്കുഴിയിൽ എത്തിച്ചേരാവുന്നതാണ്. ഒരു വിനോദയാത്രയ്ക്കൊപ്പം ചില തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാം എന്ന ലാഭവും ഈ യാത്രയിൽ ഉണ്ട്. ജഗദ് ഗുരു ആദി ശങ്കരന്റെ ജന്മം കൊണ്ട് പാവനമായ കാലടിയും അവിടത്തെ ശൃഗേരി മഠവും, ശങ്കരസ്തൂപവും എല്ലാം ധാരാളം തീർത്ഥാടകരും വിനോദസഞ്ചാരികളും വന്നെത്തുന്ന സ്ഥലമാണ്. അവിടെ നിന്നും മലയാറ്റൂരിൽ എത്തുമ്പോൾ യേശുദേവന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ വിശുദ്ധ തോമസ്സിന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മലയാറ്റൂരിൽ എത്താം. ഇന്ന് മലയാറ്റൂർ ലോകശ്രദ്ധയാകർഷിച്ച ഒരു തീർത്ഥാടന കേന്ദ്രമാണ്. വിശുദ്ധ തോമസ്സിന്റെ പേരിലുള്ള 690 മീറ്ററോളം ഉയരമുള്ള മലയാറ്റൂർ മലകയറ്റം ഈസ്റ്റർ നാളികളിൽ പാവനമായി കരുതപ്പെടുന്നു.

മലയാറ്റൂരിൽ നിന്നും പതിനഞ്ചു കിലോമീറ്റർ കൂടി യാത്രചെയ്താൻ മുളങ്കുഴിയിൽ എത്താം. പൊതുജനത്തിന് വാഹനത്തിൽ സഞ്ചരിക്കുന്നതിനുള്ള പാത മുളങ്കുഴിയിൽ അവസാനിക്കുന്നു. പിന്നീടങ്ങോട്ടുള്ള പാത പൂർണ്ണമായും വനം വകുപ്പിന്റെ കീഴിലാണ്. മുൻ‌കൂട്ടി പ്രവേശനാനുമതി വാങ്ങിയവർക്കു മാത്രമേ തുടർന്നുള്ള വഴിയിലൂടെ യാത്രചെയ്യാൻ സാധിക്കൂ. ഇവിടെ നിന്നും വനാന്തർഭാഗത്തുള്ള പാതയിലൂടെ ഭൂതത്താൻ‌കെട്ടിലും കോതമംഗലത്തും എത്തിച്ചേരാൻ സാധിക്കും. മുളങ്കുഴിയിൽ ഉള്ള വനം‌വകുപ്പിന്റെ കൗണ്ടറിൽ നിന്നും സന്ദർശനപാസ്സ് വാങ്ങിയതിനു ശേഷം വേണം  മുളങ്കുഴി പുഴയിലേയ്ക്കും അതിനു സമീപമുള്ള വനത്തിലേയ്ക്കും കടക്കാൻ. ഗൈഡുകളും വനവും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ജീവനക്കാരും എല്ലാം അവിടെ ഉണ്ട്. ഒരാൾക്ക് നിലവിൽ പത്തു രൂപയാണ് സന്ദർശനത്തിനുള്ള ടിക്കറ്റിന്റെ വില. ഇതിനോട് ചേർന്നു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

ടിക്കറ്റെടുത്ത് കാട്ടിലൂടെയുള്ള നടപ്പാതയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത് ഈ മുന്നറിയിപ്പാണ്. എറണാകുളം ജില്ലയിലെ പല ഭാഗങ്ങൾക്കും ആവശ്യമുള്ള കുടിവെള്ളം പെരിയാറിൽ നിന്നുമാണ് ലഭ്യമാവുന്നത്. ഈ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ഭൂതത്താൻ‌കെട്ട് ഡാമിലൂടെയാണ്. മഴക്കാലത്ത് ഡാമിലെ ജലനിരപ്പ് ഉയരുമ്പോളും വേനൽക്കാലത്ത് ഓരു വെള്ളം കയറുന്നതു വഴി പെരിയാറിലെ ലവണാംശം കൂടുമ്പോഴും ഭൂതത്താൻ‌കെട്ട് തുറന്നു വിടാറുണ്ട്. ഇതുമൂലം പലപ്പോഴും അപ്രതീക്ഷിതമായി പെരിയാറിലെ മറ്റുസ്ഥലങ്ങളിൽ എന്ന പോലെ മുളങ്കുഴിയിലും ജലനിരപ്പ് ഉയരാം. ഇതുമൂലം പല മനുഷ്യജീവനുകളും ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. അതാണ് ഇത്തരം ഒരു മുന്നറിയിപ്പിന് പിന്നിൽ.

പിന്നീട് അങ്ങോട്ട് പ്രകൃതിദത്തമായ വനമാണ്. മഴക്കാലമായതിനാൽ എങ്ങും പച്ചപ്പ് മാത്രം. പലതരം പക്ഷികളുടെ ശബ്ദവും കേൾക്കാം. പക്ഷികളെ നോക്കി നടന്നാൽ വീണതു തന്നെ, കാരണം മഴവെള്ളവും ചെളിയും ഇലകളും എല്ലാം ചേർന്ന് നല്ല വഴുക്കുണ്ട് ചില സ്ഥലങ്ങളിൽ
എന്നാലും അപരിചിതമായ ഒരു ശബ്ദം കേട്ട് മുകളിലേയ്ക്ക് നോക്കി. നേരെ മുകളിലെ മരക്കൊമ്പിൽ ഒരു പക്ഷി. മുൻപ് ചിത്രങ്ങൾ കണ്ടുള്ള പരിചയത്തിൽ അത് വേഴാമ്പൽ ആവണം

മുകളിലെ ചിത്രത്തിൽ ഉണ്ട് ആൾ. സൂക്ഷിച്ചു നോക്കണം എന്നു മാത്രം.  കാനൻ പവർ ഷോട്ട് 410-ൽ ഇത്രയുമേ പുള്ളി പതിയൂ. 

വീണ്ടും മുന്നോട്ട്. ഇന്ന് ഒരു പ്രത്യേകതയുണ്ട്. മഴക്കാലമായതിനാൽ ഞാൻ മാത്രമേ അവിടെ ഉള്ളു. മഴക്കാലത്ത് പുഴയിൽ ഇറങ്ങുക അപകടമായതിനാൽ ആരും ആ വഴി വരില്ല. പിന്നെ അവിടെ സമീപത്തു തന്നെയുള്ള ഒരു നേതാവ് മരിച്ചതിനാൽ ഗൈഡുകളും, ഗാർഡുകളും എല്ലാം അവിടെ പോയിരിക്കുന്നു. അതുകൊണ്ടു തന്നെ ടിക്കറ്റ് കൗണ്ടറിൽ ഉള്ളവർക്ക് എന്നെ ഒറ്റയ്ക്ക് പറഞ്ഞയക്കാൻ എന്തോ വിഷമം ഉള്ളതുപോലെ തോന്നി. അപ്പോൾ അവർ പറഞ്ഞില്ലെങ്കിലും ഞാൻ തിരിച്ചെത്തിയപ്പോൾ അവർ അതു പറഞ്ഞു.

ചുറ്റും നല്ല ഉയരത്തിൽ വളർന്നു നിൽക്കുന്ന തേക്കും മഹാഗണിയും. അകലെ പുഴ ഒഴുകുന്ന കളകള ശബ്ദം. പിന്നെ ചീവീടിന്റേയും പക്ഷികളുടേയും ശബ്ദം. മഴക്കാറുള്ളതിനാൽ വെളിച്ചവും കുറവ്. അധികം ധൈര്യശാലി അല്ലാത്തതിനാൽ ഇടയ്ക്ക് തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു. വഴിതെറ്റിയാൽ എന്തു ചെയ്യും. ഇതൊക്കെയായി മനസ്സിൽ കടന്നുകൂടിയ ചിന്തകൾ. പിന്നെ രണ്ടും കല്പിച്ച് മുൻപോട്ട് തന്നെ നടന്നു.
അങ്ങനെ ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തി. ഈ കാണുന്ന അപകട സൂചകത്തിനും അപ്പുറമാണ് മുളങ്കുഴി പുഴയെന്നും മഹാഗണിത്തൊടെന്നും പറയപ്പെടുന്നു പെരിയാർ. ആ മരത്തിനു പിന്നിലൂടെ പുഴയിൽ ഇറങ്ങുന്നതിനുള്ള കല്‍പ്പടവുകൾ ഉണ്ട്. അതിലൂടെ മുന്നോട്ട്.
അവിടെ പരന്നൊഴുകുന്ന പെരിയാർ. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും നല്ല ഒഴുക്കുണ്ട്. ഈ ഒഴുക്കിനടിയിൽ കാണാൻ സാധിക്കാത്ത കുഴികളും കയങ്ങളും. പറക്കെട്ടുകളിലെ കുഴികൾ പണ്ട് അതിരപ്പിള്ളി യാത്രയിൽ അനുഭവിച്ചതാണ്. ഒറ്റക്കായതിനാൽ എന്തായാലും പുഴയിൽ ഇറങ്ങാനൊന്നും തുനിഞ്ഞില്ല, ഇതിന്റെ മറുകരയിൽ കോടനാടും, ഇല്ലിത്തോടും ആണെന്ന്  തിരിച്ചുചെന്നപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിന്നും മനസ്സിലാക്കി. അല്പസമയം അവിടെ ഇരുന്ന് പുഴയുടെ ഒഴുക്കും ശബ്ദവും എല്ലാം ആസ്വദിച്ച തിരിച്ചു നടന്നു.

ഈ കടവിനോട് ചേർന്ന് സന്ദർശകർക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോൾ സന്ദർശകർ വരുന്ന സമയമല്ലാത്തതിനാലും മഴക്കാലമായതിനാലും അവയെല്ലാം നശിച്ചു തുടങ്ങി. അടുത്ത സീസണിൽ ഇവിയെല്ലാം പുനർനിർമ്മിക്കപ്പെടും. മുളങ്കുഴിയിലേയ്ക്ക് വരുന്നവർ ഭക്ഷണവും വെള്ളവുമെല്ലാം കൂടെ കരുതുന്നത് നല്ലതാവും എന്ന് ഞാൻ കരുതുന്നു. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളൊന്നും അവിടെ കണ്ടില്ല. പ്ലാസ്റ്റിക്, ലഹരി പദാർത്ഥങ്ങൾ എന്നിവയ്ക്ക് അവിടെ വിലക്കുണ്ടെങ്കിലും പല മദ്യക്കുപ്പികളുടേയും അടപ്പ് അവിടെ നിലത്തുണ്ടായിരുന്നു. മദ്യപിച്ചെത്തുന്ന സന്ദർശകരും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നു.
സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന മറ്റൊരു വിശ്രമസ്ഥലം. ഇതും ഇപ്പോൾ നശിച്ചിരിക്കുന്നു.
പൊക്കമേറിയ മരങ്ങൾക്കിടയിലൂടെ വീണ്ടും മടക്കയാത്ര തുടർന്നു.

കുറച്ച് ചെന്നപ്പോൾ അല്പം കൂടി ഇടുങ്ങിയ ഒരു വഴി ഒരു വശത്തേയ്ക്ക് പോകുന്നത് കണ്ടു. അതിലൂടെ അല്പം നടന്നപ്പോൾ മറ്റൊരു കടവിൽ എത്തി. ഇവിടെ കല്‍പ്പടവുകൾ ഇല്ല, ഇതല്പം സാഹീസകർക്കായുള്ള സ്ഥലമാവും എന്ന് തോന്നി. കാരണം പ്രധാന പാതയിൽ നിന്നും അല്പം മാറിയാണ് ഈ സ്ഥലം.

ഇവിടെ നിന്നും നോക്കിയപ്പോൾ പല ചിത്രങ്ങളിലേയും രംഗങ്ങൾ മനസ്സിൽ വന്നു. പ്രധാനമായും വന്നത് നരനിലെ ലാലേട്ടന്റെ സാഹസീകരംഗങ്ങൾ. വേനൽക്കാലത്ത് പുഴയിലെ വെള്ളം കുറയുമ്പോൾ ഇവിടെ ഇടയ്ക്കിടെയായി തുരുത്തുകൾ പോലെ കര കാണാൻ സാധിക്കും. അപ്പോൾ പലരും പുഴ നീന്തി ആ കരയിലേയ്ക്ക് പോകും. ഈ സഹസീകതയാണ് പലപ്പോഴും അപകടങ്ങൾ വരുത്തുന്നത്.
മരങ്ങൾക്കിടയിലൂടെ വീണ്ടും പ്രധാനപാതയിലേയ്ക്ക്. ചെളിയിൽ തെന്നി വീഴാ‍തെ വഴിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങവെ ഒരു പക്ഷിയുടെ ശബ്ദം വളരെ അടുത്തുനിന്നും കേട്ടു. പെട്ടന്ന് തലയുയർത്തിയ ഞാൻ ശരിക്കും ഞെട്ടി.

അടുത്തുള്ള ഒരു മരത്തിൽ ചുറ്റിക്കയറ്റിയ വള്ളിയാണ് ഞെട്ടിച്ചത്. ആദ്യം കണ്ടപ്പോൾ ശരിക്കും പാമ്പാണെന്നാണ് ഞാൻ കരുതിയത്. രജവെമ്പാലയെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി ഡിസ്കവറി ചാനൽ ചിത്രീകരിച്ചത് മുളങ്കുഴി മുതൽ ഭൂതത്താൻ‌കെട്ടു വരെയുള്ള സ്ഥലത്തു വെച്ചാണ് ഇങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വെച്ച് ഒരാൾ പറഞ്ഞിരുന്നു. അത് ഇങ്ങനെ മനസ്സിൽ കിടന്നതാവാം പെട്ടന്ന് പേടിയ്ക്കാൻ കാരണം.

ഒടുവിൽ ടിക്കറ്റ് കൗണ്ടറിൽ തിരിച്ചെത്തി അവിടെ സൂക്ഷിച്ചിരുന്ന എന്റെ ബാഗ് എടുത്തു. ഞാൻ തിരിച്ചെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിലെ ആളുകളുടെ മുഖത്തും സന്തോഷം. കാരണം തിരക്കിയപ്പോൾ അവർ പറഞ്ഞ മറുപടി എനിക്കും ഞെട്ടലുണ്ടാക്കി. ഈ കാട്ടിൽ ഇടയ്ക്ക് ആനയുടെ ശല്യം ഉണ്ടാവാറുണ്ടത്രെ. പകൽ സമയത്ത് ഇതുവരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും രാത്രിയിൽ ചിലപ്പോൾ ആനയിറങ്ങാറുണ്ടെന്ന് അവർ പറഞ്ഞു. പിന്നെ ഗൈഡുകളും ഗാർഡുകളും ഇല്ലാത്ത അവസരത്തിൽ ഒരാളെ തനിച്ച അയച്ചതിലുള്ള പരിഭ്രമവും. മുളങ്കുഴിയുടെ കൂടുതൽ വിശേഷങ്ങൾ അവരോട് ചോദിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒരു കാർ അവിടെ എത്തി. അതിൽ നിന്നും അഞ്ചു കുട്ടികൾ ഇറങ്ങി. കോളേജ് വിദ്യാർത്ഥികൾ ആവണം. അവരും മുളങ്കുഴികാണാൻ എത്തിയതാണ്. മുളങ്കുഴിയിലെ അപകടസാദ്ധ്യതകളെക്കുറിച്ച് പുതിയ സന്ദർശകരെ ബോധവാന്മാരാക്കുന്ന തിരക്കിലായി അവർ. വേനൽക്കാലത്ത് വീണ്ടും വരാം എന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ വീട്ടിലേയ്ക്കുള്ള എന്റെ യാത്ര ആരംഭിച്ചു.

2009, ജൂൺ 4, വ്യാഴാഴ്‌ച

പീരുമേട്ടിൽ നിന്നും ചില ചിത്രങ്ങൾ | Few Pictures From Peerumedu

എന്നത്തേയും പോലെ ഇതും ഒരു ഔദ്യോഗിക യാത്രയായിരുന്നു. എന്റെ അധികം യാത്രകളും ജോലിയുടെ ഭാഗമായുള്ളവ തന്നെ. ഇത്തവണ യാത്ര പീരുമേടിലെ കരടിക്കുഴി എന്ന സ്ഥലത്തേയ്കാണ്. ഈ യാത്രയിൽ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു
കോട്ടയത്ത് നിന്നും ഏകദേശം 85 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. കാപ്പി തേയില തോട്ടങ്ങൾ നിറഞ്ഞ മനോഹരമായ ഒരു പ്രദേശമാണ് പീരുമേട്.




രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു എങ്കിലും വൈകീട്ട് ജോലികഴിഞ്ഞു മടങ്ങുമ്പോഴേക്കും മഴക്കാറും അല്പം ചാറ്റൽ മഴയും ഉണ്ടായിരുന്നു.

തൊട്ടുമുൻ‌പിൽ ഉള്ള സിഗ്നലുകൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽ മഞ്ഞ്. ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നും ഒരു ഹെയർ പിൻ വളവിനു തൊട്ട്‌മുൻപെടുത്ത ചിത്രം.



ബസ്സിനുള്ളിൽ നിന്നും പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമല്ലായിരുന്നു.



2009, ജനുവരി 22, വ്യാഴാഴ്‌ച

ചാലിയാറിൽ നിന്നൊരു ചിത്രം

ജോലിയുടെ ഭാഗമായി കേരളത്തിൽ പലസ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ ഒരു തവണമാത്രമേ ഇതിനു മുൻപ് പോയിട്ടുള്ളു. ഇന്നലെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് പോകേണ്ടതായ ഒരു ആവശ്യം വന്നു. കൊടുങ്ങല്ലൂർ - തൃശ്ശൂർ - പെരിന്തൽമണ്ണ - മഞ്ചേരി വഴി അരീക്കോടെത്തിയപ്പോഴേയ്ക്കും സമയം ഉച്ചയായിരുന്നു. പിന്നീട് ജോലിയെല്ലാം തീർന്നപ്പോഴേയ്ക്കും വൈകീട്ട് നാലുമണി. തിരിച്ച് വീട്ടിൽ എത്താനുള്ള ധൃതിയായിരുന്നു പിന്നെ. എന്നാലും ചാലിയാറിന്റെ സുന്ദരമായ ചില ചിത്രങ്ങൾ എടുത്തു. അരീക്കോട് സാളി ഗ്രാമം ക്ഷേത്രത്തിനു സമീപം എടുത്തതാണ് ഈ ചിത്രങ്ങൾ.

ചാലിയാറിന്റെ ഇരുകരകളിലും ആയികെട്ടിയിരിക്കുന്ന ഈ കയറിൽ വലിച്ചാണ് തോണി അക്കരയ്ക്കും ഇക്കരക്കും എത്തിക്കുന്നത്.

2008, ഡിസംബർ 21, ഞായറാഴ്‌ച

മൂന്നാറിലേയ്‌ക്കൊരു യാത്ര | A Trip To Munnar

വിനോദസഞ്ചാര മേഖലയ്ക്കു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വളരെ നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ട്. കടൽത്തീരവും, കായലുകളും, മലയും കാടും എല്ലാം കേരളത്തിന് പ്രകൃതി കനിഞ്ഞുനൽകിയ സമ്പത്തുകളാണ്. ഇവിയിൽ ചില സ്ഥലങ്ങളെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ ഞാൻ എന്റെ പഴയ ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര മൂന്നാറിലേയ്ക്കാണ്. കേരളത്തിന്റെ ഉതകമണ്ഡലം (ഊട്ടി) എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആണ് മൂന്നാർ. ബൂലോകത്തെ എല്ലാവരും തന്നെ മൂന്നാറിന്റെ പ്രകൃതി ഭംഗി അറിയുന്നവരാണെന്നു ഞാൻ കരുതുന്നു. മൂന്നാറിനെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന ഉദ്ദേശം ഈ പോസ്റ്റിനില്ലെന്നു ഞാൻ ആദ്യമെ അറിയിക്കട്ടെ.
ചിത്രത്തിൽ കാണുന്നത് കേരള സംസ്ഥാന ഇലൿട്രിസിറ്റി ബോർഡിന്റെ മൂന്നാറിലുള്ള ഹെഡ് വർക്ക്സ് ആണ്. മൂന്നാറിൽ നിന്നും കേരളത്തിന്റെ ആദ്യത്തെ ജലവൈദ്യുത നിലയമായ പള്ളിവാസലിലേയ്ക്ക് വെള്ളം എത്തിക്കുന്ന സംവിധാനങ്ങളിൽ ഒന്നാണിത്. മാട്ടുപ്പെട്ടി ഡാമിൽനിന്നുള്ള വെള്ളവും പള്ളിവാസലിൽ എത്തുന്നു. ഈ ഹേഢ് വർക്ക്സ് ഉദ്ഘാടനം തിരുവിതാം‌കൂറിന്റെ അവസാന ദിവാനായ സർ സി പി രാമസ്വാമി അയ്യർ ആണ് നിർവ്വഹിച്ചത്. ഇതിനു മുകളിലൂടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഒരു റോഡ് ഉണ്ട്. ബൈസൺ വാലി റോഡ് എന്ന ഈ വഴിയിലെ ചില കാഴ്ചകളാണ് ഈ ബ്ലോഗിലൂടെ ഞാൻ അവതരിപ്പിക്കുന്നത്.
അടിമാലിയിൽ നിന്നും മൂന്നാറിൽ എത്തുന്നതിനു പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ദേശീയപാത 49 വഴി, അടിമാലിയിൽ നിന്നും കല്ലാർ വഴി മൂന്നാറിൽ എത്താം. ഈ പത പ്രധാനമായും ജനവാസം കുറഞ്ഞ മേഖലയിലൂടെ കടന്നുപോവുന്നതാണ്. രണ്ടാമത്തേത് തോക്കുപാറ, ആനച്ചാൽ, ചിത്തിരപുരം വഴിയാണ്. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത് എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണെന്നു കരുതുന്നു. മൂന്നാർ ടൗൺ എത്തുന്നതിനു എകദേശം രണ്ടു കിലോമീറ്റർ മുൻപാണ് രാമസ്വാമി അയ്യർ ഹെഢ് വർക്ക്സ്. ഹെഢ് വർക്ക്സിന്റെ ഷട്ടറുകളിൽ നിന്നും ഒഴുകുന്ന വെള്ളമാണ് ചിത്രത്തിൽ. ഹെഢ് വർക്സിനോടുചേർന്ന് ചെറിയ ഒരു ഉദ്യാനവും കെ എസ് ഇ ബിയ്ക്കുണ്ട്.

ഹെഢ് വർക്സിനോടു ചേർന്നുള്ള തേയിലത്തോട്ടത്തിന്റെ ദൃശ്യം.

ഹെഢ് വർക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ താഴ്‌വരയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന ഒരു വ്യു പോയിന്റിൽ എത്താം. ചിത്രങ്ങൾ എടുക്കുന്ന ധാരളം വിനോദ സഞ്ചാരികളെ ഇവിടെകാണാം. തേയിലതോട്ടവും അതിനിടയിലൂടെ കടന്നു പോവുന്ന റോഡും ചെറിയ കുന്നുകളും എല്ലാം കൂടി മനോഹരമയ ഒരു ദൃശ്യം സമ്മാനിക്കുന്നു.
ബൈസൺ വാലി റോഡിൽ വളരെയധികം റിസോർട്ടുകൾ ഉണ്ട്. ഇവയിൽ പലതും അനധികൃതമണെന്ന കാരണത്താൽ സർക്കാരിന്റെ പോളിച്ചുനീക്കൽ ഭീഷിണിയുടെ മുൻപിൽ ആണ്. റിസോർട്ടുകൾ ഇത്തരത്തിൽ പൊളിച്ചുനീക്കുന്ന സർക്കാർ സംവിധാനത്തോട് എനിക്കു വിയോജിപ്പാണുള്ളത്. അനധികൃതമായി റിസോർട്ടുകൾ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ സംവിധാനങ്ങളൂടെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം റിസോർട്ട് നിർമ്മിക്കുന്നതിന് അനുമതിനൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നിലവിൽ ഇത്തരത്തിലുള്ള റിസോർട്ടുകൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഏലപ്പാട്ട ഭൂമിയിലും, വനമേഖലയിലും റിസോർട്ടുകൾ അനധികൃതമായി മേലിൽ നിർമ്മിക്കപ്പെടാതിരിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണം. ഈ വിവാദങ്ങൾക്കിടയിലും സ്വദേശീയരും വിദേശീയരുമായ ധാരളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു എന്നത് ആശ്വാസം തന്നെ.
വീണ്ടും മുൻപോട്ടു നടന്നാൽ ഇരുവശവും ഏലച്ചെടികളാണ്. കാടിനു നടുവിലായി വന്മരങ്ങൾ വെട്ടിമാറ്റാതെതന്നെ അവയുടെ ഇടയിൽ ഏലം കൃഷിചെയ്തുവരുന്നു. ഇത്തരത്തിലുള്ള ഏലം കൃഷിത്തോട്ടങ്ങളിൽ ചിലതാണ് റിസോർട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നു സർക്കാർ കണ്ടെത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലകുറഞ്ഞതാവാം ഇത്തരം ഒരു മാറ്റത്തിനു പലരേയും പ്രേരിപ്പച്ചത്.
ഏലത്തോട്ടത്തിനു നടുവിലൂടെയുള്ള ബൈസൺ‌വാലി റോഡ്.

ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ് ഏലം കൃഷി. പൂക്കുന്നതുമുതൽ ഏലം പാകമവുന്നതുവരെയുള്ള കാലയളവിൽ എറ്റവും ചുരുങ്ങിയത് ഏഴുതവണയെങ്കിലും കീടനാശിനികൾ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടിൽ വളരെയധികം കീടനാശിനികൾ അടങ്ങിയിരിക്കുമെന്ന് ചിലർ മുന്നറിയിപ്പുതരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ കൂടികഴിഞ്ഞാൽ പോതൻ‌മേട് എന്ന ചെറിയ ഗ്രാമത്തിൽ എത്താം. ഗ്രാമം എന്നു വിളിക്കാമോ എന്നു തീർച്ചയില്ല. വളരെക്കുറച്ചു തോട്ടം തൊഴിലാളികളായ തമിഴർ താമസിക്കുന്ന സ്ഥലമാണിത്.
പോതൻ‌മേട്

മഴക്കാലത്താണ് ഈ റോഡിലൂടെ പോവുന്നതെങ്കിൽ പാറക്കെട്ടിൽനിന്നും വരുന്ന ഇത്തരം ചെറിയ നീർച്ചാലുകളും കാണാം.

പോതൻ‌മേടിലെ ഒരു വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം. മേഘങ്ങൾ ചുംബിക്കുന്ന ഒരു കുന്ന്. ഇവിടെയും ചില ചെറിയ റിസോർട്ടുകൾ ഉണ്ട്.
അവിടെനിന്നും കുറച്ചുകൂടി യാത്രചെയ്താൽ കാണുന്ന റിസോറ്ട്ടുകളിൽ ഒന്നിലേയ്ക്ക് പോവാം. കാടിനു നടുവിൽ മൂന്നാർ നഗരത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞ് പ്രകൃതിസുന്ദരവും ശാന്തവുമായ അന്തരീക്ഷത്തിൽ ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് ഈ റിസോർട്ടുകളുടെ പ്രത്യേകത. സ്വതന്ത്രമായ വില്ലകൾ.
അത്ത്രത്തിൽ ഉള്ള കോട്ടേജുകളിൽ ഒന്ന്. പൂമുഖവും, സ്വീകരണമുറിയും, കിടപ്പുമുറിയും, എന്തിന് അടുക്കളപോലും ഉണ്ട് ഈ വില്ലകളിൽ. സകുടുംബം വരുന്ന ചില ഉത്തരേന്ത്യൻ വിനോദസഞ്ചാരികൾ സ്വന്തം പാചകക്കാരേയും കൊണ്ടാണത്രെ വരുന്നത്. അവർക്കാവശ്യമുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ലഭ്യമാണ്. എന്നാലും മിക്കാവാറും റിസോർട്ടുകൾ ഭക്ഷണം ഉൾപ്പടെയുള്ള പാക്കേജായിട്ടാണ് താമസസൗകര്യം ഒരുക്കുന്നത്.

ഇതാ മറ്റൊരു കോട്ടേജിന്റെ ചിത്രം. കാടിനു നടുവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഉള്ള ഒരു സ്ഥലത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒഴിവുദിവസം ചെലവൊഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇവിടം.
പല റിസോർട്ടുകളിലും മനോഹരമായ ഉദ്യാനങ്ങളും ഉണ്ട്. കൂടെ ഏലവും, ഈറ്റയും എല്ലാം കാണാം.

അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള ദേശീയപാതയുടെ ഇരുവശത്തും പലസ്ഥലങ്ങളിലും സമൃദ്ധമായ ഈറ്റക്കാടുകൾ ഉണ്ട്. ആനയുടെ ഇഷ്ടവിഭവമാണ് ഈറ്റ. ഈറ്റതിന്നുന്നതിനിറങ്ങുന്ന ആനക്കൂട്ടങ്ങൾ രാത്രികാലങ്ങളിൽ പലപ്പോഴും സഞ്ചാരികൾക്ക് ഭീഷിണിയാവാറുണ്ട്. അതുകൊണ്ടുതന്നെ രാത്രി അധികം വൈകി ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്.
അല്പം സാഹസീകത ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ ചിത്രത്തിൽ. പടികൾ വഴി മുകളിലെ മരംകൊണ്ടുള്ള പ്ലറ്റ്‌ഫോമിലും അവിടെനിന്നും റോപ്പ്‌വേ വഴി അടുത്തുള്ള പാറക്കെട്ടിലും ഇറങ്ങാം. പാറക്കെട്ടിൽ നിന്നും ഇറങ്ങുന്നതിനു റോപ്പ് ലാഡറും ഉണ്ട്. അധികം അപകടം ഇല്ലാ‍ത്ത സുരക്ഷിതമായ ഒരു സാഹസികത.

ആ പാറക്കെട്ടും റോപ്പ് ലാഡറും ആണ് ചിത്രത്തിൽ.

സാഹസികത ഇഷ്ടമല്ലാത്തവർക്കായി ചുറ്റിനടക്കാനും സ്വസ്ഥമായിരുന്നു സല്ലപിക്കാനും ഉള്ള ഉദ്യാനവും ഉണ്ട്. മനോഹരമായ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു നടത്തവും ആവാം.
ഇതാ ഏലച്ചെടികൾക്കു നടുവിലായി മറ്റൊരു കോട്ടേജ്.


കേരളത്തിൽ വന്നാൽ കരകൗശലവസ്തുക്കൾ വാങ്ങാതെ പോവുകയോ? യാത്രയുടെ ഓർമ്മയ്കായി എന്തെങ്കിലും വാങ്ങണ്ടെ. അതിനും വെളിയിൽ എങ്ങും പോകേണ്ട. കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ചില റിസോർട്ടുകളിൽ ഉണ്ട്.
ഈ സ്റ്റാളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇതാണ്. പൂർണ്ണമായും നാളികേരത്തിൽ കൊത്തിയെടുത്ത ചില രൂപങ്ങൾ. ആനയും, ഗണപതിയും, കുരങ്ങനും എല്ലാം ഉണ്ടിതിൽ.

എത്രകണ്ടാലും മതിവരാത്ത ഒരു പാടു വിശേഷങ്ങൾ മൂന്നാറിലുണ്ട്. ഇതു അതിന്റെ വളരെ ചെറിയ ഒരു ചിത്രം മാത്രം. മൂന്നാർ മാത്രമല്ല വാഗമൺ, കുട്ടിക്കാനം, പീരുമേട്, പൊന്മുടി അങ്ങനെ എത്രയെത്ര ഹിൽ സ്‌റ്റേഷനുകൾ നമുക്കുണ്ട്. ഇവിയെല്ലാം പൂർണ്ണമായും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങളാണ് നമുക്കാവശ്യം.