2008, ഡിസംബർ 21, ഞായറാഴ്‌ച

മൂന്നാറിലേയ്‌ക്കൊരു യാത്ര | A Trip To Munnar

വിനോദസഞ്ചാര മേഖലയ്ക്കു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വളരെ നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ട്. കടൽത്തീരവും, കായലുകളും, മലയും കാടും എല്ലാം കേരളത്തിന് പ്രകൃതി കനിഞ്ഞുനൽകിയ സമ്പത്തുകളാണ്. ഇവിയിൽ ചില സ്ഥലങ്ങളെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ ഞാൻ എന്റെ പഴയ ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര മൂന്നാറിലേയ്ക്കാണ്. കേരളത്തിന്റെ ഉതകമണ്ഡലം (ഊട്ടി) എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആണ് മൂന്നാർ. ബൂലോകത്തെ എല്ലാവരും തന്നെ മൂന്നാറിന്റെ പ്രകൃതി ഭംഗി അറിയുന്നവരാണെന്നു ഞാൻ കരുതുന്നു. മൂന്നാറിനെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന ഉദ്ദേശം ഈ പോസ്റ്റിനില്ലെന്നു ഞാൻ ആദ്യമെ അറിയിക്കട്ടെ.
ചിത്രത്തിൽ കാണുന്നത് കേരള സംസ്ഥാന ഇലൿട്രിസിറ്റി ബോർഡിന്റെ മൂന്നാറിലുള്ള ഹെഡ് വർക്ക്സ് ആണ്. മൂന്നാറിൽ നിന്നും കേരളത്തിന്റെ ആദ്യത്തെ ജലവൈദ്യുത നിലയമായ പള്ളിവാസലിലേയ്ക്ക് വെള്ളം എത്തിക്കുന്ന സംവിധാനങ്ങളിൽ ഒന്നാണിത്. മാട്ടുപ്പെട്ടി ഡാമിൽനിന്നുള്ള വെള്ളവും പള്ളിവാസലിൽ എത്തുന്നു. ഈ ഹേഢ് വർക്ക്സ് ഉദ്ഘാടനം തിരുവിതാം‌കൂറിന്റെ അവസാന ദിവാനായ സർ സി പി രാമസ്വാമി അയ്യർ ആണ് നിർവ്വഹിച്ചത്. ഇതിനു മുകളിലൂടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഒരു റോഡ് ഉണ്ട്. ബൈസൺ വാലി റോഡ് എന്ന ഈ വഴിയിലെ ചില കാഴ്ചകളാണ് ഈ ബ്ലോഗിലൂടെ ഞാൻ അവതരിപ്പിക്കുന്നത്.
അടിമാലിയിൽ നിന്നും മൂന്നാറിൽ എത്തുന്നതിനു പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ദേശീയപാത 49 വഴി, അടിമാലിയിൽ നിന്നും കല്ലാർ വഴി മൂന്നാറിൽ എത്താം. ഈ പത പ്രധാനമായും ജനവാസം കുറഞ്ഞ മേഖലയിലൂടെ കടന്നുപോവുന്നതാണ്. രണ്ടാമത്തേത് തോക്കുപാറ, ആനച്ചാൽ, ചിത്തിരപുരം വഴിയാണ്. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത് എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണെന്നു കരുതുന്നു. മൂന്നാർ ടൗൺ എത്തുന്നതിനു എകദേശം രണ്ടു കിലോമീറ്റർ മുൻപാണ് രാമസ്വാമി അയ്യർ ഹെഢ് വർക്ക്സ്. ഹെഢ് വർക്ക്സിന്റെ ഷട്ടറുകളിൽ നിന്നും ഒഴുകുന്ന വെള്ളമാണ് ചിത്രത്തിൽ. ഹെഢ് വർക്സിനോടുചേർന്ന് ചെറിയ ഒരു ഉദ്യാനവും കെ എസ് ഇ ബിയ്ക്കുണ്ട്.

ഹെഢ് വർക്സിനോടു ചേർന്നുള്ള തേയിലത്തോട്ടത്തിന്റെ ദൃശ്യം.

ഹെഢ് വർക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ താഴ്‌വരയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന ഒരു വ്യു പോയിന്റിൽ എത്താം. ചിത്രങ്ങൾ എടുക്കുന്ന ധാരളം വിനോദ സഞ്ചാരികളെ ഇവിടെകാണാം. തേയിലതോട്ടവും അതിനിടയിലൂടെ കടന്നു പോവുന്ന റോഡും ചെറിയ കുന്നുകളും എല്ലാം കൂടി മനോഹരമയ ഒരു ദൃശ്യം സമ്മാനിക്കുന്നു.
ബൈസൺ വാലി റോഡിൽ വളരെയധികം റിസോർട്ടുകൾ ഉണ്ട്. ഇവയിൽ പലതും അനധികൃതമണെന്ന കാരണത്താൽ സർക്കാരിന്റെ പോളിച്ചുനീക്കൽ ഭീഷിണിയുടെ മുൻപിൽ ആണ്. റിസോർട്ടുകൾ ഇത്തരത്തിൽ പൊളിച്ചുനീക്കുന്ന സർക്കാർ സംവിധാനത്തോട് എനിക്കു വിയോജിപ്പാണുള്ളത്. അനധികൃതമായി റിസോർട്ടുകൾ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ സംവിധാനങ്ങളൂടെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം റിസോർട്ട് നിർമ്മിക്കുന്നതിന് അനുമതിനൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നിലവിൽ ഇത്തരത്തിലുള്ള റിസോർട്ടുകൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഏലപ്പാട്ട ഭൂമിയിലും, വനമേഖലയിലും റിസോർട്ടുകൾ അനധികൃതമായി മേലിൽ നിർമ്മിക്കപ്പെടാതിരിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണം. ഈ വിവാദങ്ങൾക്കിടയിലും സ്വദേശീയരും വിദേശീയരുമായ ധാരളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു എന്നത് ആശ്വാസം തന്നെ.
വീണ്ടും മുൻപോട്ടു നടന്നാൽ ഇരുവശവും ഏലച്ചെടികളാണ്. കാടിനു നടുവിലായി വന്മരങ്ങൾ വെട്ടിമാറ്റാതെതന്നെ അവയുടെ ഇടയിൽ ഏലം കൃഷിചെയ്തുവരുന്നു. ഇത്തരത്തിലുള്ള ഏലം കൃഷിത്തോട്ടങ്ങളിൽ ചിലതാണ് റിസോർട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നു സർക്കാർ കണ്ടെത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലകുറഞ്ഞതാവാം ഇത്തരം ഒരു മാറ്റത്തിനു പലരേയും പ്രേരിപ്പച്ചത്.
ഏലത്തോട്ടത്തിനു നടുവിലൂടെയുള്ള ബൈസൺ‌വാലി റോഡ്.

ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ് ഏലം കൃഷി. പൂക്കുന്നതുമുതൽ ഏലം പാകമവുന്നതുവരെയുള്ള കാലയളവിൽ എറ്റവും ചുരുങ്ങിയത് ഏഴുതവണയെങ്കിലും കീടനാശിനികൾ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടിൽ വളരെയധികം കീടനാശിനികൾ അടങ്ങിയിരിക്കുമെന്ന് ചിലർ മുന്നറിയിപ്പുതരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ കൂടികഴിഞ്ഞാൽ പോതൻ‌മേട് എന്ന ചെറിയ ഗ്രാമത്തിൽ എത്താം. ഗ്രാമം എന്നു വിളിക്കാമോ എന്നു തീർച്ചയില്ല. വളരെക്കുറച്ചു തോട്ടം തൊഴിലാളികളായ തമിഴർ താമസിക്കുന്ന സ്ഥലമാണിത്.
പോതൻ‌മേട്

മഴക്കാലത്താണ് ഈ റോഡിലൂടെ പോവുന്നതെങ്കിൽ പാറക്കെട്ടിൽനിന്നും വരുന്ന ഇത്തരം ചെറിയ നീർച്ചാലുകളും കാണാം.

പോതൻ‌മേടിലെ ഒരു വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം. മേഘങ്ങൾ ചുംബിക്കുന്ന ഒരു കുന്ന്. ഇവിടെയും ചില ചെറിയ റിസോർട്ടുകൾ ഉണ്ട്.
അവിടെനിന്നും കുറച്ചുകൂടി യാത്രചെയ്താൽ കാണുന്ന റിസോറ്ട്ടുകളിൽ ഒന്നിലേയ്ക്ക് പോവാം. കാടിനു നടുവിൽ മൂന്നാർ നഗരത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞ് പ്രകൃതിസുന്ദരവും ശാന്തവുമായ അന്തരീക്ഷത്തിൽ ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് ഈ റിസോർട്ടുകളുടെ പ്രത്യേകത. സ്വതന്ത്രമായ വില്ലകൾ.
അത്ത്രത്തിൽ ഉള്ള കോട്ടേജുകളിൽ ഒന്ന്. പൂമുഖവും, സ്വീകരണമുറിയും, കിടപ്പുമുറിയും, എന്തിന് അടുക്കളപോലും ഉണ്ട് ഈ വില്ലകളിൽ. സകുടുംബം വരുന്ന ചില ഉത്തരേന്ത്യൻ വിനോദസഞ്ചാരികൾ സ്വന്തം പാചകക്കാരേയും കൊണ്ടാണത്രെ വരുന്നത്. അവർക്കാവശ്യമുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ലഭ്യമാണ്. എന്നാലും മിക്കാവാറും റിസോർട്ടുകൾ ഭക്ഷണം ഉൾപ്പടെയുള്ള പാക്കേജായിട്ടാണ് താമസസൗകര്യം ഒരുക്കുന്നത്.

ഇതാ മറ്റൊരു കോട്ടേജിന്റെ ചിത്രം. കാടിനു നടുവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഉള്ള ഒരു സ്ഥലത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒഴിവുദിവസം ചെലവൊഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇവിടം.
പല റിസോർട്ടുകളിലും മനോഹരമായ ഉദ്യാനങ്ങളും ഉണ്ട്. കൂടെ ഏലവും, ഈറ്റയും എല്ലാം കാണാം.

അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള ദേശീയപാതയുടെ ഇരുവശത്തും പലസ്ഥലങ്ങളിലും സമൃദ്ധമായ ഈറ്റക്കാടുകൾ ഉണ്ട്. ആനയുടെ ഇഷ്ടവിഭവമാണ് ഈറ്റ. ഈറ്റതിന്നുന്നതിനിറങ്ങുന്ന ആനക്കൂട്ടങ്ങൾ രാത്രികാലങ്ങളിൽ പലപ്പോഴും സഞ്ചാരികൾക്ക് ഭീഷിണിയാവാറുണ്ട്. അതുകൊണ്ടുതന്നെ രാത്രി അധികം വൈകി ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്.
അല്പം സാഹസീകത ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ ചിത്രത്തിൽ. പടികൾ വഴി മുകളിലെ മരംകൊണ്ടുള്ള പ്ലറ്റ്‌ഫോമിലും അവിടെനിന്നും റോപ്പ്‌വേ വഴി അടുത്തുള്ള പാറക്കെട്ടിലും ഇറങ്ങാം. പാറക്കെട്ടിൽ നിന്നും ഇറങ്ങുന്നതിനു റോപ്പ് ലാഡറും ഉണ്ട്. അധികം അപകടം ഇല്ലാ‍ത്ത സുരക്ഷിതമായ ഒരു സാഹസികത.

ആ പാറക്കെട്ടും റോപ്പ് ലാഡറും ആണ് ചിത്രത്തിൽ.

സാഹസികത ഇഷ്ടമല്ലാത്തവർക്കായി ചുറ്റിനടക്കാനും സ്വസ്ഥമായിരുന്നു സല്ലപിക്കാനും ഉള്ള ഉദ്യാനവും ഉണ്ട്. മനോഹരമായ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു നടത്തവും ആവാം.
ഇതാ ഏലച്ചെടികൾക്കു നടുവിലായി മറ്റൊരു കോട്ടേജ്.


കേരളത്തിൽ വന്നാൽ കരകൗശലവസ്തുക്കൾ വാങ്ങാതെ പോവുകയോ? യാത്രയുടെ ഓർമ്മയ്കായി എന്തെങ്കിലും വാങ്ങണ്ടെ. അതിനും വെളിയിൽ എങ്ങും പോകേണ്ട. കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ചില റിസോർട്ടുകളിൽ ഉണ്ട്.
ഈ സ്റ്റാളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇതാണ്. പൂർണ്ണമായും നാളികേരത്തിൽ കൊത്തിയെടുത്ത ചില രൂപങ്ങൾ. ആനയും, ഗണപതിയും, കുരങ്ങനും എല്ലാം ഉണ്ടിതിൽ.

എത്രകണ്ടാലും മതിവരാത്ത ഒരു പാടു വിശേഷങ്ങൾ മൂന്നാറിലുണ്ട്. ഇതു അതിന്റെ വളരെ ചെറിയ ഒരു ചിത്രം മാത്രം. മൂന്നാർ മാത്രമല്ല വാഗമൺ, കുട്ടിക്കാനം, പീരുമേട്, പൊന്മുടി അങ്ങനെ എത്രയെത്ര ഹിൽ സ്‌റ്റേഷനുകൾ നമുക്കുണ്ട്. ഇവിയെല്ലാം പൂർണ്ണമായും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങളാണ് നമുക്കാവശ്യം.

2008, ഡിസംബർ 9, ചൊവ്വാഴ്ച

വോൾവോ റേസ് വില്ലേജ് (ചിത്രങ്ങൾ)

വോൾവോ ഓഷ്യൻ റേസ് അതിന്റെ ചരിത്രത്തിൽ ആ‍ദ്യമായി ഇന്ത്യയിലൂടെ കടന്നുപോവുന്നു. ഇന്ത്യയിലെ അതിന്റെ താവളം അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ്. കൊച്ചിയിലെ വില്ലിങ്ങ്‌ഡൺ ഐലന്റിലെ വോൾവോ ഓഷ്യൻ റേസ് വില്ലേജിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇവിടെ ചേർക്കട്ടെ.
ഐലന്റിലെ വോൾവോ വില്ലേജിന്റെ കവാടം
അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുന്ന യാട്ടുകൾ





ഈ അഭ്യാസം കടലിൽ ചെയ്യുന്നത് ഓർക്കുമ്പോൾ ഒരു പേടി






വോൾവോ റേസ് വില്ലേജിലെ സന്ദർശകരുടെ തിരക്കു
വോൾവോ റേസിനെപ്പറ്റിയുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്ന തീയറ്റർ
വോൾവോ റേസ് വില്ലേജിലെ കലാപരിപാടികൾ നടക്കുന്ന വേദി


കടലിൽ പോകാതെതന്നെ റേസിന്റെ ത്രിൽ അനുഭവിക്കണോ? എങ്കിൽ ദാ ഈ സ്റ്റിമുലേറ്ററിൽ കയറിയാൽ മതി.

റേസ് വില്ലേജിൽ പ്രദർശനത്തിനു വെച്ചിട്ടുള്ള വോൾവോയുടെ വിവിധ വാഹനങ്ങൾ





വോൾവോ റേസ് വില്ലേജിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലെ ഐ എസ് ആർ ഒ യുടെ സ്റ്റാൾ.
കനോയിങ് ആന്റ് കയാക്കിങ് അസ്‌സോസിയേഷൻ (കേരള) ന്റെ സ്റ്റാൾ
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ടെലിമെഡിസിൻ യൂണിറ്റ്. ഉപഗ്രഹ സംവിധാനം വഴി ചികിത്സ സാധ്യമാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.

2008, നവംബർ 23, ഞായറാഴ്‌ച

മാവേലിക്കരയിലെ ബുദ്ധപ്രതിമ | Statue of Buddha at Mavelikkara

പണ്ടെപ്പോഴോ ബൂലോകത്തിൽ കറങ്ങുന്നതിനിടയിലാണ് മാ‍വേലിക്കരിയിൽ ശ്രീബുദ്ധന്റെ ഒരു പ്രതിമ ഉള്ളതായി അറിഞ്ഞത്. അന്നു മനസ്സിൽ തീരുമാനിച്ചു എന്നെങ്കിലും മാവേലിക്കരയ്ക്കു പോവുമ്പോൾ ബുദ്ധഭഗവാന്റെ ഈ ബിംബം കാണണമെന്നും അതിന്റെ ഒരു ചിത്രമെങ്കിലും എന്റേതായി ബൂലോകർക്കായി സമർപ്പിക്കണമെന്നും. ഇന്നു അത്തരത്തിൽ മവേലിക്കരയ്ക്കു ഒരു യാത്ര സാധ്യമായി. ഔദ്യോഗിക കാര്യങ്ങൾ തീർന്നപ്പോൾ കൂടെയുണ്ടായുന്ന പാറശ്ശാലക്കാരനെങ്കിലും കുറച്ചുകാലമായി മാവേലിക്കരയിലുള്ള ആന്റണി എന്ന സുഹൃത്തിനോടു ഈ ബുദ്ധപ്രതിമയെപ്പറ്റി ചോദിച്ചു. ഞങ്ങൾ അപ്പോൾ നിന്നിരുന്ന സ്ഥലത്തിനും അൻപതുമീറ്റർ മാറി ഒരു ശ്രീകൃഷണസ്വാമി ക്ഷേത്രം ഉണ്ടെന്നും അതിന്റെ മുൻപിലായാണ് ബുദ്ധഭഗവാന്റെ ഈ പ്രതിമ ഉള്ളതെന്നും ആന്റണി പറഞ്ഞു. ഞങ്ങൾ അങ്ങോട്ടു നടന്നു.
ഈ ചിത്രത്തിൽ കാണുന്നതാണ് ശ്രീബുദ്ധഭഗവാന്റെ പ്രതിമ സ്ഥപിച്ചിരിക്കുന്ന മണ്ഡപം. ഇന്നു ഇതൊരു സംരക്ഷിത സ്മാരകം ആണ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ഇതിപ്പോൾ. പുരാവസ്ത വകുപ്പു ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിൽ ഇതു 10ആം നൂറ്റാണ്ടിലേതാണെന്നു പറയുന്നു. അതായതു ആയിരത്തോളം വർഷം പഴക്കമുള്ള ഒന്ന്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുൻപിലാണ് ഈ മണ്ഡപം. “ബുദ്ധ ജംങഷൻ” എന്നാണ് ഈ കവല അറിയപ്പെടുന്നത്. ഇതിനോടു ചേർന്നുള്ള മാവേലിക്കര കോവിലകത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂർണ്ണമായും നശിച്ചു കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കണ്ടിയൂർ ക്ഷേത്രത്തിന്റെ സമീപത്തുള്ള പാടത്തുനിന്നും യാദൃശ്ചികമായി ഒരു ഉദ്ഖനനത്തിനിടെ ലഭിച്ചതാണ് ഈ വിഗ്രഹം. 1923-ൽ ആണ് ഇതിവിടെ സ്ഥാപിച്ചത്. ഒരു കാലഘട്ടത്തിൽ മാവേലിക്കരയും സമീപപ്രദേശങ്ങളും ബുദ്ധന്റെ അനുയായികളുടെ പ്രധാനകേന്ദ്രമായിരുന്നു എന്നതിനു തെളിവാണ് ഈ ബിംബം. ഇതു അച്ചൻ‌കോവിലാറിൽ നിന്നും കണ്ടെടുത്തതാണെന്ന ഒരു വാദവും ഉണ്ട്.
കുറച്ചുകൂടെ വ്യക്തമായ ചിത്രം. വെളിച്ചം കുറവായിരുന്നതും, ഫോട്ടോഗ്രാഫിയിലുള്ള എന്റെ പ്രവീണ്യക്കുറവും കാരണം വ്യക്തമായ ചിത്രം എടുക്കാൻ സാധിച്ചില്ല. വളരെ വ്യക്തമായ ചിത്രങ്ങൾ വിക്കിയിൽ ലഭ്യമാണ്.

ധ്യാനനിമഗ്നനായിരിക്കുന്ന ബുദ്ധഭഗവാൻ. ശാന്തമായ് ഒരു പുഞ്ചിരിയാണ് ആ മുഖത്ത്. മുഖത്തിന്റെ ആ ശാന്തത എന്റെ ഈ ചിത്രങ്ങളിൽ വ്യക്തമല്ല.

(വിവരങ്ങൾക്കു കടപ്പാട് വിക്കി. )

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യദിനത്തിലെ കായൽ യാത്ര

ഇന്നു ഭാരതം അതിന്റെ 62-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൽ വൈപ്പിനിൽ നിന്നും കൊച്ചിക്കായലിലൂടെ എറണാകുളത്തേയ്ക്കു നടത്തിയ ഒരു യാത്രയിൽ എടുത്ത ചിലചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇന്നത്തെ പ്രത്യേകത മിക്കവാറും എല്ലാ കപ്പലുകളും, മറ്റു യാനങ്ങളും പലതരം പതാകകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നതാണ്. റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മാത്രമാണ് ഇത്തരം ഒരു കാഴ്ച കാണാൻ സാധിക്കുക.

യാത്ര ആരംഭിച്ച വൈപ്പിൻ ബസ്‌സ്‌റ്റേഷനു സമീപം ഉള്ള കനൊസ്സ യു പി സ്കൂൾ ദേശീയപതാകയുടെ പ്രൗഢിയിൽ.
ലക്ഷദ്വീപിലേക്കുള്ള ഒരു യാത്രാക്കപ്പലായ എം വി മിനിക്കോയ്. ദേശീയപതാകയോടൊപ്പം പല പതാകകളും കൊണ്ട് അലങ്കരിച്ച നിലയിൽ.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ എം വി ബാലി എന്ന ടഗ്ഗ്. ഇതിലും ഒട്ടനവധി പതാകകൾ കാണാം.
“പ്രതിഭ ഇന്ദ്രായണി” എന്ന ക്രൂഡ് ഓയിൽ ഷിപ്.
വൈപ്പിനിലേക്ക് എറണാകുളത്തുനിന്നും പുറപ്പെടുന്ന യാത്രാബോട്ട്. പുതിയ ബോട്ട് ജെട്ടിയുടെ വ്യു പോയിന്റിൽ നിന്നും എടുത്ത ചിത്രം.
എറണാകുളം ഹൈക്കോടതി ജെട്ടിക്കു സമീപത്തുന്നിന്നും ഒരു ദൃശ്യം. ലക്ഷദ്വീപ് ഭരണസമിതിയുടെ കീഴിലുള്ള ചില ആഢംബര യാനങ്ങൾ.
“വിജയീ വിശ്വ തിരംഗാ പ്യാരാ
ഝംടാ ഊംചാ രഹെ ഹമാരാ”




2008, ജൂൺ 10, ചൊവ്വാഴ്ച

ഹരിപ്പാട് ശ്രീ രാമകൃഷ്ണാശ്രമം.

ഇന്റര്‍‌നെറ്റും ചാറ്റിങ്ങും വളരെ അധികം നല്ല സുഹൃത്തുക്കളെ എനിക്കു നല്‍‌കിയിട്ടുണ്ടു. ഞങ്ങള്‍ ഇടക്കു ഒത്തുകൂടി ചിലയാത്രകളും നടത്താറുണ്ട്‌. അത്തരം യാത്രകളില്‍ എടുക്കുന്ന ചിത്രങ്ങളാണ് എന്റെ പഴയ പല പോസ്റ്റുകളിലും ഞാന്‍ ചേര്‍‌ത്തിട്ടുള്ളത്‌. കഴിഞ്ഞ ദിവസവും അത്തരം ഒരു യാത്ര ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ അവസാനം ഞങ്ങള്‍ എത്തിയതു ഞങ്ങള്‍‌ക്കു ജ്യേഷ്‌ഠതുല്ല്യനായ സഞ്ചുവേട്ടന്റെ ഹരിപ്പാട്ടുള്ള വീട്ടില്‍ ആണ്. അവിടെ അടുത്തുതെന്നെ കണ്ട തകര്‍ന്ന ഒരു കെട്ടിടം ഞങ്ങളുടെ ശ്രദ്ധയാകര്‍‌ഷിച്ചു. അപ്പോള്‍ സഞ്ചുവേട്ടനാണ് പറഞ്ഞത്‌ അതു ഹരിപ്പാട്‌ ശ്രീ രാമകൃഷ്ണാശ്രമം ആണെന്ന്‌. കേരളത്തിലെ ആദ്യത്തെ രാമകൃഷ്ണാശ്രമം. അതു തികച്ചും ഒരു പുതിയ അറിവായിരുന്നു ഞങ്ങള്‍ക്ക്‌. ഹിന്ദു ധര്‍മ്മത്തിലെ അപചയങ്ങള്‍‌ക്കെതിരെ പ്രവര്‍ത്തിച്ച ശ്രീ രാമകൃഷ്ണപരമഹംസരുടെയും, സ്വാമി വിവേകനന്ദന്റേയും, മറ്റും ആശയങ്ങളില്‍ നിന്നും ഉടലെടുത്ത രാമകൃഷ്ണാമിഷന്റെ കീഴില്‍ കേരളത്തില്‍‌ സ്ഥാ‍പിതമായ ആദ്യ ആശ്രമത്തിന്റെ ഇന്നത്തെ അവസ്ഥ ശരിക്കും വേദനാജനകം തന്നെയാണ്. ഈ ആശ്രമത്തെപ്പറ്റി അവിടെനിന്നും പിന്നീട്‌ ഇന്റെര്‍‌നെറ്റില്‍‌ നിന്നും ശേഖരിച്ച ചില വിവരങ്ങള്‍‌ ഇവിടെ ചേര്‍ക്കുന്നു.
ഇതു ഈ ആശ്രമത്തിന്റെ തറക്കല്ലിട്ടതിന്റെ സൂചകമായി പ്രധാനകവാടത്തിലുള്ള ശിലാഫലകം. ഇതില്‍ പറയുന്നതനുസരിച്ചു ശ്രീരാ‍മകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദ സ്വാമികള്‍ 1912 സെപ്തംബര്‍ മാസം നലാം തീയതി കൃഷ്ണാഷ്ടമി ദിവസം രാവിലെ ഈ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നാണ്. എന്നാല്‍‌ സ്വമി നിര്‍മ്മലാനന്ദജിയെപ്പറ്റി ശ്രീ രാമകൃഷ്ണാമിഷന്‍‌ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 1912 സെപ്റ്റംബര്‍‌ പതിനൊന്നിനു തന്റെ മൂന്നാമത്തെ കേരളസന്ദര്‍‌ശനവേളയിലാണ് സ്വാമികള്‍ ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്‌ എന്നാണ് പറയുന്നത്‌.
ഇതു ആശ്രമത്തിന്റെ ഇന്നത്തെ ചിത്രം. ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ നല്‍കിയ സ്ഥലത്താണ് അന്ന്‌ ഈ ആശ്രമം പണിതതു. അദ്ദേഹം പിന്നീടു സന്യാസം സ്വീകരിക്കുകയും സ്വാമി ചിത്‌സുഖാനന്ദ എന്ന പേരില്‍ പ്രശസ്തനാവുകയും ചെയ്തു. അന്നു ആശ്രമത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന സംഭവന വക്കീലും രാമകൃഷ്ണ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റും ആയിരുന്നു ശ്രീ സുബ്ബരായ അയ്യര്‍ നല്‍കിയ ആയിരം രൂപയും ആയിരുന്നു.
ശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാമുറിയും പൂജാമുറിയും ആണ് ചിത്രത്തില്‍. ഒരു കാ‍ലത്തു സമൂഹം തഴ്ന്ന ജാതിക്കാര്‍ എന്നു പ്രഖ്യാപിച്ചു അകറ്റിനിറിത്തിയിരുന്നവര്‍ക്കും ഇവിടെ പ്രവേശനവും പൂജകളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശവും ഉണ്ടായിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഒന്നിച്ചു പ്രസാദം കഴിച്ചിരുന്നതും ഇവിടെത്തന്നെയാണ്. അയിത്തം ഒഴിവക്കുന്നതിനു ആശ്രമം സമൂഹഭോജനം സംഘടിപ്പിച്ചിരുന്നതും ഇവിടെത്തന്നെ.
ഒട്ടനവധി പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്കും അരങ്ങേറ്റത്തിനും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ അരങ്ങേറ്റവും ഇവിടെ ആയിരുന്നെന്ന്‌ പറയപ്പെടുന്നു. കൂടതെ നിത്യവും രാവിലെയും വൈകീട്ടും ഭജന ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്തിരുന്നു.
ഇതു പ്രധാന പൂജാമുറിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം. ഇവിടെ രാമകൃഷ്ണപരമഹംസരുടേയും, ശാരദാ‌ദേവിയുടേയും, സ്വാമി വിവേകനന്ദന്റേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നു രാമകൃഷ്ണാമിഷന്റെ മങ്ങിത്തുടങ്ങിയ ചിഹ്നം മാത്രം കാണാം.
രാമകൃഷ്ണാമിഷന്റെ മായാതെ അവശേഷിച്ച ചിഹ്നം.
ആശ്രമം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്‌ ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ ആണ്. അദ്ദേഹം പിന്നീ‍ട്‌ സന്യാസി ആവുകയും ഒടുവില്‍ ആയിരത്തിതൊള്ളയിരത്തി എഴുപത്തിമൂന്ന്‌ സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാം തീയതി ഇവിടെവെച്ചു സമാധിഅടയുകയും ചെയ്തു. ആശ്രമവളപ്പില്‍‌ ഉള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലം ആണിത്‌.
ആശ്രമത്തിലെ പ്രധാന പൂജാമുറിയുടെ പുറത്തുള്ള ചെറിയ ഗണപതിവിഗ്രഹം. ഇത്രയും കാലത്തിനിടയിലും ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗണപതി വിഗ്രഹത്തിനു മറുവശത്തു പൂജമുറിക്കു പുറത്തുള്ള മറ്റൊരു വിഗ്രഹം. ഇതു എതു ദേവന്റേതാണെന്നു എനിക്കറിയില്ല.
1912 മുതല്‍‌ 1978 വരെ ഈ ആശ്രമം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടാ‍യ ചില തര്‍ക്കങ്ങള്‍‌ ആശ്രമത്തെ കോടതിവ്യവഹാരത്തില്‍ എത്തിച്ചു. തുടര്‍ന്നു ആശ്രമം അടച്ചുപൂട്ടുകയാ‍യിരുന്നു. ഈ സമയത്തിനിടക്കു ആശ്രമത്തിന്റെ കീഴില്‍ ഒരു വിദ്യാലയവും, ആതുരാലയവും, വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു ആതുരാലയം മാത്രം അവശേഷിക്കുന്നു. ഇതു ഇന്നു സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ്. ആശ്രമത്തിന്റെ കീ‍ഴിലുള്ള വിദ്യാലയത്തില്‍ ജാതിമത ഭേദമന്യേ എല്ലവര്‍ക്കും വിദ്യാഭ്യസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നു. ഈ പ്രദേശത്തു ആദ്യമായി അലോപ്പതി ചികിത്സാ‍സമ്പ്രദായം എത്തീച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതും ആശ്രമം തന്നെ.
ഇപ്പോള്‍ കോടതിയില്‍ ഉള്ള കേസുകളില്‍ ആശ്രമത്തിനു അനുകൂലമായ വിധി വന്നിട്ടുള്ളതായും ഈ സ്ഥലത്തു ഒരു പുതിയ ആശ്രമം നിര്‍മ്മിക്കാന്‍ പോവുന്നതായൂം അറിയാന്‍ കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനം വീണ്ടും ഉയര്‍‌ത്തെണീക്കും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗു നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍‌പ്പിക്കുന്നു.